ന്യൂദൽഹി: ഹോളി ആഘോഷത്തിനിടെ വിദേശ വനിതയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേര് പിടിയിൽ. ദൽഹി പൊലീസാണ് ഇവരെ പിടികൂടിയത്.
ന്യൂദൽഹിയിലെ പഹാർഗഞ്ച് മേഖലയിൽ നടന്ന ഹോളി ആഘോഷത്തിനിടെയായിരുമാണ് ഒരു സംഘം ജാപ്പനീസ് യുവതിയെ കടന്നു പിടിച്ചത്. യുവതിയെ ബലമായി പിടിച്ചുവെക്കുന്നതും അവരുടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും പിന്നാലെ നിറങ്ങൾ തേക്കുന്നതും വിഡിയോയിൽ കാണാം.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് യുവാക്കൾക്കും അധികാരികരികൾക്കുമെതിരെ ഉയർന്നത്. ഇതിന് പിന്നാലെയാണ് യുവാക്കളെ പിടികൂടിയത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ജപ്പാൻ എംബസിക്ക് കത്തയച്ചതായി ദൽഹി പൊലീസ് അറിയിച്ചു. സ്ത്രീയുടെ വിവരങ്ങൾ ആവശ്യപ്പെട്ടാണ് കത്ത്. എന്നാൽ ഇത്തരമൊരു സംഭവത്തെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് എംബസി വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമിക്കപ്പെട്ട യുവതി ജപ്പാൻ സ്വദേശിനിയാണെന്നും പഹാർഗഞ്ചിൽ താമസിച്ചു വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവിൽ ഇവർ ബംഗ്ലാദേശിലേക്ക് പോയതായാണ് റിപ്പോർട്ട്. പഹാർഗഞ്ച് പൊലീസിന് സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് സഞ്ജയ് കുമാർ സൈൻ പറഞ്ഞു.
“സ്ത്രീകൾക്കെതിരായ ഏതെങ്കിലും അക്രമ സംഭവങ്ങളെ കുറിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ല. സ്ത്രീയുടെ വിവരങ്ങൾ ലഭിക്കാൻ ജപ്പാൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശിയ വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു.