നടപടിയില്ലെങ്കില്‍ പ്രദേശത്തെ രണ്ട് ലക്ഷം മുസ്‌ലീങ്ങളെ കൊല്ലുമെന്ന് ബി.ജെ.പി നേതാവ്; ക്ഷേത്രപരിസരത്ത് പശുമാംസമെന്ന് ആരോപണം
national news
നടപടിയില്ലെങ്കില്‍ പ്രദേശത്തെ രണ്ട് ലക്ഷം മുസ്‌ലീങ്ങളെ കൊല്ലുമെന്ന് ബി.ജെ.പി നേതാവ്; ക്ഷേത്രപരിസരത്ത് പശുമാംസമെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 11:51 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ക്ഷേത്രത്തിന് സമീപം പശുമാംസം കണ്ടെത്തിയെന്ന് ആരോപിച്ച് പൊലീസിനെയും പ്രദേശത്തെ മുസ്‌ലിങ്ങളെയും ഭീഷണിപ്പെടുത്തി ബി.ജെ.പിയുടെ പ്രാദേശിക നേതാവ്. 48 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്‌ലിങ്ങളെയും കൊല്ലുമെന്നാണ് ഭീഷണി.

ദല്‍ഹിയിലെ സംഗം വിഹാറിലാണ് സംഭവം. ബി.ജെ.പി നേതാവ് പൊലീസിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഗം വിഹാറില്‍ താമസിക്കുന്ന മുസ്‌ലിങ്ങള്‍ ഭയത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Also Read: അഞ്ച് വര്ഷത്തെ ജയില്വാസം; വിക്കിലീക്‌സ് സ്ഥാപകന് ജൂലിയന് അസാന്ജ് ജയില്മോചിതനായി

ഞായറാഴ്ച ഹിന്ദു ക്ഷേത്രത്തിന് സമീപത്ത് നിന്ന് പശുമാംസം ലഭിച്ചെന്ന് ആരോപിച്ച് ബി.ജെ.പി അനുഭാവികള്‍ പ്രതിഷേധിച്ചിരുന്നു. പശുമാംസം ഉപേക്ഷിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുള്ള സംഘം പൊലീസിനോട് കയര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

48 മണിക്കൂറിനുള്ളില്‍ ഒരു നടപടിയും ഉണ്ടായില്ലെങ്കില്‍ രണ്ട് ലക്ഷത്തോളം വരുന്ന പ്രദേശത്തെ മുസ്‌ലിങ്ങളെ കൊല്ലുമെന്ന് ബി.ജെ.പിയുടെ കാവി ഷാള്‍ ധരിച്ച വ്യക്തി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പ്രസംഗത്തിന്റെ പേരില്‍ നിരവധി പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ദൃശ്യങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ആദ്യം തന്നെ വീഡിയോയുടെ ഉറവിടവും ആധികാരികതയും പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ബി.ജെ.പിക്ക് ഇതില്‍ ബന്ധമില്ലെന്നാണ് പൊലീസ് അവകാശപ്പെട്ടത്.

പശുവിനെ കൊന്നെന്ന പരാതിയിലും കേസെടുത്തതായി പൊലീസ് അറിയിച്ചു. അതിനിടെ, പശുമാംസം നായ കടിച്ച് കൊണ്ടുവന്നതാകാമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈദിന് പിന്നാലെ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളില്‍ പശുക്കടത്തിന്റെ പേരില്‍ നിരവധി ആക്രമണങ്ങളും കലാപ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Threats, hate speech after cow carcass found in south Delhi