ന്യൂദല്‍ഹി: ‘ഞാന്‍ എല്ലാ സമയത്തും ഭയപ്പെട്ടുക്കൊണ്ടിരുന്നു, ആളുകള്‍ എപ്പോഴും കേസില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചു. പക്ഷേ ഞാന്‍ വഴങ്ങിയില്ല,’ 2013ലെ മുസഫര്‍ നഗര്‍ കലാപത്തിലെ കൂട്ട ബലാത്സംഗകേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച കോടതി നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അതിജീവിത.
നീതിയിലേക്കുള്ള പാത ദീര്‍ഘമേറിയതും കഠിനവുമായിരുന്നെന്നും പക്ഷേ അവസാനം തന്റെ പരിശ്രമത്തിന് ഫലമുണ്ടായെന്നും അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘പ്രതികള്‍ക്ക് ശിക്ഷ വിധിച്ച വാര്‍ത്ത കേട്ടപ്പോള്‍ വളരെ ആശ്വാസം തോന്നി. ദൈവത്തോട് നന്ദി പറഞ്ഞ് ഞാനെന്റെ മക്കളെ വാരിപ്പുണര്‍ന്നു. ഇത് വലിയ വിജയം തന്നെയാണ്. എന്റെ സാധാരണ ജീവിതവും ഉദ്യോഗ ജീവിതവും ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഇപ്പോള്‍ എനിക്ക് മക്കളോട് ഒന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ അവര്‍ വളരുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ കടന്ന് പോയ വഴികള്‍ മനസിലാക്കുമെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. ഇത് മുഴുവന്‍ ഞാന്‍ എന്റെ മക്കള്‍ക്ക് വേണ്ടിയാണ് ചെയ്തത്.
എനിക്ക് സംഭവിച്ചത് മറ്റൊരു പെണ്‍കുട്ടിക്കും സംഭവിക്കരുത്. ഇതിന്റെ ആഘാതം എത്രത്തോളമാണെന്ന് എനിക്ക് അറിയാം,’ അവര്‍ പറഞ്ഞു.
ആ ദിവസം തനിക്ക് മറക്കാന്‍ സാധിക്കില്ലെന്നും ആദ്യം ബലാത്സംഗം ചെയ്ത വിവരം വീട്ടില്‍ പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രദേശം മുഴുവന്‍ കലാപകാരികള്‍ കീഴടക്കിയപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയത് ഓര്‍മിക്കുന്നു. ഞാന്‍ എന്റെ കുട്ടിയെ തോളിലിട്ട് വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ എനിക്ക് വേഗത്തില്‍ ഓടി രക്ഷപ്പെടാന്‍ സാധിച്ചില്ല. ഞാനൊരിക്കലും ആ ദിവസം മറക്കില്ല.
അവരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നു. അവര്‍ എന്നെ ബലാത്സംഗം ചെയ്തതിന് ശേഷം എന്നെയും കുട്ടിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ എന്റെ വീടിന് തീയിട്ടു.
ആദ്യം ഞാനിത് ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ സമാന സംഭവങ്ങള്‍ തുറന്ന് പറയുന്ന സ്ത്രീകളെ കണ്ടപ്പോള്‍ എനിക്ക് ധൈര്യം വന്നു. പിന്നാലെ ഭര്‍ത്താവിനോട് എല്ലാം തുറന്ന് പറഞ്ഞു.
എനിക്ക് അറിയാമായിരുന്നു കുറേ സ്ത്രീകള്‍ ഈ വിഷത്തില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് നീതി വേണമായിരുന്നു, എന്നാല്‍ അതിനൊരു മാര്‍ഗവുമില്ലായിരുന്നു.
ഞങ്ങളുടെ കൈയില്‍ പണമില്ലായിരുന്നു. എന്നിട്ടും കേസ് നടത്തുന്നതില്‍ നിന്ന് ഞങ്ങള്‍ പിന്മാറിയില്ല. ഒരു വര്‍ഷത്തോളം എന്റെയും മറ്റൊരു വര്‍ഷം മുഴുവന്‍ എന്റെ ഭര്‍ത്താവിന്റെയും മൊഴികള്‍ അവര്‍ രേഖപ്പെടുത്തി കൊണ്ടിരുന്നു. അപ്പോഴേക്കും എന്റെ പ്രതീക്ഷ അവസാനിച്ചു.
5-6 മാസങ്ങള്‍ക്ക് ശേഷമാണ് എഫ്.ഐ.ആര്‍ പോലും രേഖപ്പെടുത്തിയത്. എന്നിട്ടും പൊലീസ് അന്വേഷിക്കാന്‍ വിമുഖത കാട്ടി. ഒരു വനിതാ ഉദ്യോഗസ്ഥ എന്നോട് സമാധാന ചര്‍ച്ചക്ക് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
എനിക്ക് നിരന്തരമായി ഭീഷണിക്കോളുകളും വന്നിട്ടുണ്ട്. ഒരിക്കല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന ഫോണ്‍ കോളും വന്നിരുന്നു. നിന്റെ മക്കള്‍ സ്‌കൂളില്‍ പോയാല്‍ തിരിച്ചു വരില്ലെന്നും അവര്‍ പറഞ്ഞു. പിന്നീട് ആ സ്ഥലത്ത് താമസിക്കുന്നത് തന്നെ ഒരു പേടി സ്വപ്‌നം പോലെയായി.
പിന്നീട് ഞങ്ങള്‍ അവിടെ നിന്ന് അടുത്തൊരു ഗ്രാമത്തിലേക്ക് താമസം മാറി. എന്നാല്‍ പ്രതിയുടെ കുടുംബം അവിടെയും ഞങ്ങളെ പിന്തുടര്‍ന്നു. അവര്‍ എന്റെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ അദ്ദേഹം എന്നെ സമാധാനിപ്പിച്ചു.
തുടര്‍ന്ന് ഞങ്ങള്‍ നഗരത്തിലേക്ക് താമസം മാറ്റി. അവിടെയാണ് ഞങ്ങള്‍ നാല് വര്‍ഷമായി ജീവിക്കുന്നത്,’ അവര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അതിജീവിതക്ക് ജോലി ഉപേക്ഷിക്കേണ്ടി വരികയും ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മുസഫര്‍ നഗര്‍ വിചാരണ കോടതി കേസിലെ രണ്ട് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ് വിധിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപത്തിനിടെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് പത്ത് വര്‍ഷം തടവും, അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം തടവും വിധിച്ചു.
നേരത്തെ കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ കുല്‍ദീപ് സിങ് എന്നയാള്‍ 2020ല്‍ മരണപ്പെട്ടിരുന്നു. മറ്റ് പ്രതികളായ ദേവേശ്വര്‍, സിക്കന്ദര്‍ മലിക്ക് എന്നിവര്‍ക്കാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്.