ലോകകപ്പ് ആരാധകര്‍ക്ക് താമസമൊരുക്കാന്‍ വിദേശ തൊഴിലാളികളെ ഒഴിപ്പിച്ച് ഖത്തര്‍; റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്
World News
ലോകകപ്പ് ആരാധകര്‍ക്ക് താമസമൊരുക്കാന്‍ വിദേശ തൊഴിലാളികളെ ഒഴിപ്പിച്ച് ഖത്തര്‍; റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th October 2022, 6:21 pm

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ രാജ്യ തലസ്ഥാനത്തുള്ള വിദേശ തൊഴിലാളികളുടെ അപ്പാര്‍ട്ടുമെന്റുകള്‍ ഖത്തര്‍ ഗവണ്‍മെന്റ് ഒഴിപ്പിക്കുന്നതായി വാര്‍ത്താ ഏജന്‌സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.

ഒരു ഡസനിലധികം അപ്പാര്‍ട്ടുമെന്റുകളിലെ തൊഴിലാളികളെ ഒഴിപ്പിച്ച് കെട്ടിടങ്ങള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്ന് അധികൃതരാല്‍ പുറത്താക്കപ്പെട്ടത്. ഇവരില്‍ പലരും പോകാനിടമില്ലാതെ ഒഴിപ്പിക്കപ്പെട്ട അപ്പാര്‍ട്ടുമെന്റുകള്‍ക്ക് പുറത്തുള്ള റോഡുകളില്‍ അഭയം പ്രാപിച്ചതായാണ് റിപ്പോര്‍ട്ട്.

ദോഹയിലെ അല്‍-മന്‍സൂറ ജില്ലയിലെ 1200 ഓളം പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴ്ച രാത്രിയോടെ എത്തിയ അധികാരികള്‍ രണ്ട് മണിക്കൂറിനകം അവരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞു. തുടര്‍ന്ന് 10.30 ഓടെ അപ്പാര്‍ട്ട്‌മെന്റില്‍ വീണ്ടുമെത്തിയ അധികൃതര്‍ എല്ലാവരേയും പുറത്താക്കുകയും, റൂമുകള്‍ അടച്ചിടുകയും ചെയ്തുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ തൊഴിലാളികളെ കുടിയൊഴുപ്പിച്ചത് ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമല്ലെന്നും, ദോഹയിലെ പ്രദേശങ്ങള്‍ നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാമെന്നാണ് ഖത്തര്‍ സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ലോകകപ്പിന്റെ സംഘാടകരായ ഫിഫ ഈ വിഷയത്തില്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ഖത്തര്‍ ജനസംഖ്യയുടെ 85 ശതമാനവും വിദേശ തൊഴിലാളികളാണ്. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ദിവസവേതനക്കാരാണ്. അവിവാഹിതരായ പുരുഷന്മാരെയാണ് ലക്ഷ്യമിട്ടാണ് കുടിയൊഴിപ്പിക്കല്‍ നടപടികളെന്നും, കുടുംബങ്ങളുമൊത്ത് താമസക്കുന്ന തൊഴിലാളികളെ ഇത് ബാധിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഇവരില്‍ ഭൂരിഭാഗം പേരും ലോകകപ്പ് ആരാധകരുടെ താമസത്തിനായി സര്‍ക്കാര്‍ വാടകയ്ക്കെടുത്ത കെട്ടിടങ്ങളുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഒരു രാത്രി താമസിക്കുന്നതിനായി 240 ഡോളറിനും 426 ഡോളറിനും ഇടയിലാണ് ചിലനൃവെന്ന് സംഘാടകര്‍ വെബ്‌സൈറ്റില്‍ പരസ്യം ചെയ്തിട്ടുണ്ട്.