വാഷിംഗ്ടണ്‍: അബോര്‍ഷനുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി അമേരിക്കയില്‍ ആയിരക്കണക്കിന് പേര്‍ സമരം ചെയ്യുന്നു. പല നഗരങ്ങളിലുമായി നിരവധി റാലികളാണ് നടക്കുന്നത്. സുപ്രീം കോടതി കെട്ടിടത്തിലേക്കാണ് സമരക്കാര്‍ മാര്‍ച്ച് നടത്തുന്നത്.
രാജ്യത്ത് അബോര്‍ഷനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്ന പുതിയ ‘ടെക്‌സസ് നിയമ’ത്തിനെതിരേയാണ് പ്രതിഷേധം. 1973ല്‍ രാജ്യവ്യാപകമായി അബോര്‍ഷന്‍ നിയമാനുസൃതമാക്കിയ റൂ വി വേയ്ഡ് (Roe V Wade) കേസിനെ അട്ടിമറിച്ചേക്കാവുന്ന തരത്തില്‍ വരുന്ന മാസങ്ങളില്‍ കോടതിയില്‍ കേസുകള്‍ വരാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്.
‘എന്റെ ശരീരം എന്റെ അവകാശം’, ‘അബോര്‍ഷന്‍ നിയമവിധേയമാക്കുക’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സമരക്കാര്‍ കോടതി പരിസരത്തേക്ക് മാര്‍ച്ച് നടത്തിയത്. ”കുഞ്ഞുങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ നമ്മുടെ സര്‍ക്കാരിനോ ഇവിടുത്തെ പുരുഷന്മാര്‍ക്കോ അതില്‍ അഭിപ്രായം പറയാനുള്ള അവകാശമില്ല. ഇത് സ്ത്രീകള്‍ എടുക്കേണ്ട തീരുമാനമാണ്,” സമരക്കാരിലൊരാള്‍ പ്രതികരിച്ചു.