national news
'തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ കോടതിയിലൂടെ അധികാരം നിലനിർത്താൻ നോക്കരുത്': അതിഥി തൊഴിലാളികളുടെ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ രവിശങ്കർ പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 30, 01:54 pm
Saturday, 30th May 2020, 7:24 pm

 

ന്യൂദൽഹി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. തുടർച്ചയായി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ കോടതിയിലൂട രാഷ്ട്രീയം നിയന്ത്രിക്കാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

“അതിഥി തൊഴിലാളികളുടെ പ്രശ്നത്തിൽ കോടതിയിൽ പോകുന്നവർ സാഹചര്യം മെച്ചപ്പെടുത്താൻ വേണ്ടി എന്താണ് ചെയ്തത്. എന്ത് കൊണ്ടാണ് ഈ ചോദ്യം ഉന്നയിക്കാൻ പാടില്ലാത്തത്. ഞാൻ ആരുടെയും പേര് പറയുന്നില്ല. പക്ഷേ ഈ പരാതിക്കാർ രാഷ്ട്രീയ സമ്മർദ്ദത്തിനായാണ് ഇത്തരം പരാതികൾ നൽകുന്നത് എന്നത് വ്യക്തമാണ്”. രവിശങ്കർ പ്രസാദ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടവർ തന്നെയാണ് ഇപ്പോൾ കോടതിയെ സമീപിക്കുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആളുകൾ തന്നെയാണ് ഇപ്പോൾ ലോക്ക് ഡൗണിനെ ചോദ്യം ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്തെ അതിഥി തൊഴിലാളികളുടെ പ്രശ്നത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150ലേറെ തൊഴിലാളികൾ റോഡ്, റെയിൽ അപകടങ്ങളിലായി മരിച്ച പശ്ചാത്തലത്തിലായിരുന്നു സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടത്. അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക