Cricket
ഇന്ത്യന്‍ ടീമിന് കട്ട സപ്പോര്‍ട്ട്; അങ്ങ് ജര്‍മനിയില്‍ നിന്നും തോമാച്ചായന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 14, 02:41 am
Tuesday, 14th November 2023, 8:11 am

ഐ.സി.സി ഏകദിന ലോകകപ്പില്‍ സ്വന്തം തട്ടകത്തില്‍ ഒന്‍പത് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജകീയമായി സെമിയിലേക്ക് മുന്നേറിയിരുന്നു.

ആദ്യ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ തോമസ് മുള്ളര്‍.

മുള്ളര്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ധരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ മുള്ളര്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ ഒരു ക്യാപ്ഷനിലൂടെ ടാഗ് ചെയ്യുകയും ചെയ്തു.

2019ലെ ലോകകപ്പിലും മുള്ളര്‍ ഇന്ത്യന്‍ ടീമിന് പിന്തുണ അറിയിച്ചിരുന്നു. അന്നും ഇതുപോലെ ജര്‍മന്‍ സൂപ്പര്‍ താരം ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ധരിച്ചിരുന്നു.

വിരാട് കോഹ്‌ലിയും ജര്‍മന്‍ ഫുട്‌ബോളിനോടുള്ള പിന്തുണ അറിയിച്ചിരുന്നു. 2016 യൂറോ കപ്പിലും 2018 ലോകകപ്പിലും കോഹ്ലി ജര്‍മനി ഫുട്‌ബോള്‍ ടീമിനോടുള്ള ആരാധന സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

2014ല്‍ ബ്രസീലിയന്‍ മണ്ണില്‍ നിന്നും ജര്‍മന്‍ പട കിരീടം ഉയര്‍ത്തുമ്പോള്‍ ടീമിലെ അംഗമായിരുന്നു തോമസ് മുള്ളര്‍. ജര്‍മനിക്കായി 125 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മുള്ളര്‍ 45 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനൊപ്പം 16 സീസണില്‍ കളിച്ച മുള്ളര്‍ 693 മത്സരങ്ങളില്‍ നിന്നും 237 ഗോളുകള്‍ നേടിയിട്ടുണ്ട്.

അതേസമയം ലോകകപ്പില്‍ നവംബര്‍ 15ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ സെമിഫൈനല്‍ നടക്കുക. കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ കിവീസിനോട് 18 റണ്‍സിന് തോറ്റായിരുന്നു ഇന്ത്യ പുറത്തായത്. ഈ തോല്‍വിക്ക് കണക്ക് തീര്‍ക്കാനും കൂടിയാവും രോഹിതും സംഘവും ശ്രമിക്കുക.

ഗ്രൂപ്പ് ഘട്ടത്തില്‍ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ബ്ലാക്ക് ക്യാപ്‌സിനെതിരെ ഇന്ത്യ നാല് വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയിരുന്നു ഈ ആത്മവിശ്വാസവും രോഹിത്തിനും കൂട്ടര്‍ക്കും ഉണ്ടാവും. 2011ലെ ധോണിയുടെ കീഴിലുള്ള ലോകകപ്പ് വിജയത്തിന്റെ ആവര്‍ത്തനമാവും രോഹിത്തിന്റെ ഭാഗത്ത് നിന്നും ആരാധകര്‍ പ്രതീക്ഷിക്കുക.

Content Highlight: Thomas Muller wishes Team India ahead of the World Cup.