തിരുവനന്തപുരം: കൊവിഡ് 19 ബാധിത സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ഇന്നലെ പാര്‍ലമെന്റ് പിരിയുന്നതിന് മുന്‍പെങ്കിലും തീരുമാനമുണ്ടാകുമെന്ന് കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ലോക്ഡൗണും പാട്ടകൊട്ടലും ഒക്കെ നടന്നു. എന്‍.എച്ച്.എമ്മിന്റെ അടങ്കല്‍ ഇരട്ടിയാക്കുക, എന്നിട്ട് മരുന്നും സാധനങ്ങളുമൊക്കെ വാങ്ങാനുള്ള ഏര്‍പ്പാടുണ്ടാക്കുക. ഇതൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ മിനിമം ചെയ്യേണ്ടത്. ഒരു വസ്തു ചെയ്തിട്ടില്ല ഇതുവരെ’, മന്ത്രി പറഞ്ഞു.
ഇതൊന്നും വിമര്‍ശിക്കേണ്ട സമയമല്ല ആപത്ത് ഘട്ടമാണെന്നൊക്കെ പറയാം. പക്ഷെ ഇനിയെങ്ങനെ നോക്കിയിരിക്കാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു.
അടിയന്തരമായി കേന്ദ്രധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച ചെയ്യണം.സംസ്ഥാനങ്ങള്‍ക്കുള്ള അധിക ധനസഹായം പ്രഖ്യാപിക്കണം. അതല്ലെങ്കില്‍ കൊറോണ കാലമാണെങ്കിലും ശക്തമായ പ്രതിഷേധം നടത്തുന്നതിന് സംസ്ഥാനം നിര്‍ബന്ധമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.