തിരുവനന്തപുരം: മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതില്‍ കേന്ദ്രസര്‍ക്കാരിനും നിര്‍മലാ സീതാരാമനുമെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കിഫ്ബിയെക്കുറിച്ച് ഒന്നും അറിയാത്ത ഉദ്യോഗസ്ഥരാണ് ഇഡിയിലെന്ന് ഐസക് പറഞ്ഞു. കേന്ദ്ര ധനമന്ത്രി നേരിട്ടാണ് കിഫ്ബിയെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥരെ ഇറക്കിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ്.
‘മുന്‍പ് കേരളത്തില്‍ വന്നപ്പോള്‍ നടത്തിയ പ്രസംഗവും കിഫ്ബിയെക്കുറിച്ചായിരുന്നു. മനീഷ് എന്നൊരു വിദ്വാനെ രാജസ്ഥാനില്‍നിന്ന് ഇറക്കിയിട്ടുണ്ട്. ജുഞ്ചുനു ജില്ലയിലെ ബി.ജെ.പി നേതാവ് ഹരിസിങ് ഗോദരയുടെ മകനാണ് അദ്ദേഹം. ബി.ജെ.പിക്കുവേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതാണ് അയാളുടെ പ്രധാന പണി’, ഐസക് പറയുന്നു.
തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ് നിര്‍മല സീതാരാമനെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയെ ബി.ജെ.പി ഉപയോഗിക്കുകയാണ്. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവര്‍ക്ക് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല വേണ്ടത്. അവര്‍ക്കുവേണ്ട ഉത്തരമാണ് വേണ്ടത്. ഭീഷണിയാണ്- ഐസക് പറഞ്ഞു.
‘ഒരുകാര്യം ഇ.ഡിയോട് വ്യക്തമാക്കാം. ഇവര്‍ കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരാണ്. ഭീഷണിപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍, ഇത് വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളല്ല എന്നോര്‍ക്കണം. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെ നിയമപാലനത്തിന് പൊലീസ് ഉണ്ട്. പേടിച്ചൊന്നും പിന്‍മാറാന്‍ തീരുമാനിച്ചിട്ടില്ല’, മന്ത്രി പറഞ്ഞു.
ഇവരുടെ ഉദ്ദേശം കിഫ്ബിയെ ഞെക്കി കൊല്ലുക എന്നതാണ്. കേന്ദ്ര ധനമന്ത്രിതന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. ബോണ്ട് എന്നുപറഞ്ഞാല്‍ എന്താണ് എന്ന് മനസ്സിലാക്കണം. എപ്പോ വേണമെങ്കിലും വില്‍ക്കാവുന്ന ഒന്നാണത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് കിഫ്ബിയെ ഒന്ന് പൊളിക്കാന്‍ നോക്കുന്നതാണ്. ഇവരുടെ സ്വഭാവം നന്നായി അറിയാവുന്നകൊണ്ട് മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുന്ന യുഡിഎഫിനെ ലൈഫ് മിഷന്റെ കാര്യത്തിലെന്നപോലെ ജനങ്ങള്‍ അവരുടെ നിലപാട് തിരുത്തിക്കും. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. മസാല ബോണ്ട് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. വിദേശ വായ്പ സംബന്ധിച്ച് നിയമം ഉണ്ടാക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു മാത്രമേ വിദേശ വായ്പ എടുക്കാനാവൂ എന്ന സി.എ.ജിയുടെ കണ്ടെത്തല്‍ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരല്ല വായ്പയെടുത്തിരിക്കുന്നത്. കിഫ്ബി നിയമം പ്രകാരം ബോര്‍ഡി കോര്‍പറേറ്റ് എന്നാണ് കിഫ്ബിയെ നിര്‍വചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളെടുക്കുന്ന വായ്പാ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 293നു കീഴില്‍ കിഫ്ബി വരില്ല. അതുകൊണ്ടുതന്നെ ഭരണഘടനാ ലംഘനവുമല്ല.
ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ കിഫ്ബിയെ ഉപയോഗിക്കാന്‍ സാധിക്കില്ല. കിഫ്ബി എങ്ങനെയാണ് ധനസമാഹരണം നടത്തുന്നതെന്ന് പ്രാഥമിക ധാരണ പോലും ഇല്ലാതെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക