ജയ്പൂര്‍: രാജ്യത്ത് ഇന്ന് നടക്കുന്നത് ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
‘ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, ഗോഡ്സെ ഹിന്ദുത്വവാദിയും,’ രാഹുല്‍ പറഞ്ഞു.
ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവനാണ് ഹിന്ദുവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വവാദികള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും എന്ത് വില കൊടുത്തും അധികാരം വേണമെന്ന് മാത്രമാണ് അവരുടെ ചിന്തയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഹിന്ദുക്കളെ ഒരിക്കലും അടിച്ചമര്‍ത്താന്‍ കഴിയില്ല. 3000 വര്‍ഷത്തിനിടയില്‍ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. കാരണം ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല. മരിക്കാന്‍ പോലും ഞങ്ങള്‍ ഭയപ്പെടുന്നില്ല,’ രാഹുല്‍ പറഞ്ഞു.
ഹിന്ദുത്വവാദികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ അധികാരം നേടുന്നതിനായാണ് ചെലവഴിക്കുന്നതെന്നും അവര്‍ക്ക് അധികാരമല്ലാതെ മറ്റൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയും സുഹൃത്തുക്കളും ചേര്‍ന്ന് ഈ രാജ്യത്തെ നശിപ്പിച്ചു. കര്‍ഷകരാണ് ഈ രാജ്യത്തിന്റെ നട്ടെല്ലെന്ന് നമുക്കറിയാം, അവരില്ലാതെ ഒന്നും നടക്കില്ല. ഹിന്ദുത്വവാദികളായതിനാലാണ് മോദിയും കൂട്ടരും കര്‍ഷകരുടെ നെഞ്ചില്‍ കുത്തിയതെന്നും രാഹുല്‍ പറഞ്ഞു.
നിങ്ങള്‍ എല്ലാവരും രാജ്യത്തിന്റെ അവസ്ഥ കാണുന്നുണ്ട്. നാലോ അഞ്ചോ മുതലാളിമാരുടെ കൈകളിലേക്കാണ് രാജ്യത്തെ മുഴുവന്‍ പണവും പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.