Kerala
സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ ബസന്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Feb 09, 08:25 am
Saturday, 9th February 2013, 1:55 pm

തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടി ചെയ്തത് ബാല വേശ്യാവൃത്തിയാണെന്നും വഴിപിഴച്ചവളാണെന്നുമുള്ള  ജസ്റ്റിസ് ബസന്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.[]

ബസന്തിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ നിലപാട് ഉള്‍ക്കൊള്ളാനാകില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം ബസന്തിന്റെ അഭിഭാഷക പദവി തന്നെ റദ്ദാക്കണമെന്നും കേസ് അട്ടിമറിച്ചതില്‍ ബസന്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ബസന്തിന്റെ അഭിപ്രായത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ബസന്തിന്റെ കോലം കത്തിക്കുമെന്ന് മുന്‍ മന്ത്രി പി.കെ ശ്രീമതി അഭിപ്രായപ്പെട്ടു.

രാജ്യത്തെ തന്നെ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലായിരുന്നു ബസന്തിന്റെ പ്രതികരണമെന്നും ഇത് ജുഡീഷ്യറിയുടെ അന്തസിന് നിരക്കാത്തതാണെന്നും യുവമോര്‍ച്ച പ്രതികരിച്ചു.

ബസന്തിന്റെ പ്രസ്താവന അധമത്വമാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. അന്നത്തെ വിധിപ്രസ്ഥാവം വിഡ്ഢിത്തമായിരുന്നെന്നും ബസന്ത് ജസ്റ്റിസ് സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടി ചെയ്തത് ബാലവേശ്യാവൃത്തിയാണെന്നതിന് സുദൃഢമായ തെളിവുകളുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി വിധിയില്‍ ഉണ്ടെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥിനിയായിരിക്കേ പെണ്‍കുട്ടി തട്ടിപ്പ് നടത്തിയെന്നും രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ലെന്നും ബസന്ത് പറഞ്ഞു.

കേസില്‍ തന്റെ പ്രതികരണമാണ് തന്റെ വിധി. കേസില്‍ വിധിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ തന്നെ ബസന്ത് ഇന്നും ഉറച്ച് നില്‍ക്കുകയാണ്. അങ്ങേയറ്റം മോശമായ അഭിപ്രായങ്ങളായിരുന്നു പെണ്‍കുട്ടിക്കെതിരെ ഹൈക്കോടതി വിധിയില്‍ ബസന്ത് പറഞ്ഞിരുന്നത്.