തിരുവനന്തപുരം: തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുടുംബവുമായി പുറത്ത് പോയപ്പോള്‍ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിരുവനന്തപുരം പേട്ടയില്വെച്ച് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം.
സ്ത്രീകളെ കടന്നുപിടിച്ചത് ചോദ്യം ചെയ്തതിനാണ് തങ്ങള്‍ക്ക് വെട്ടേറ്റതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രവി യാദവിന്റെ കൈക്കും വിരലുകള്‍ക്കുമാണ് വെട്ടേറ്റത്. ജസ്വന്തിന്റെ കാലിലാണ് പരിക്ക്.
ബൈക്കിലെത്തിയ സംഘം കത്തി ഉപയോഗിച്ച് വെട്ടിപ്പരുക്കേല്പ്പിക്കുകയായിരുന്നെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞുങ്ങളെ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.