തന്റെ ഡ്രീം ഫുട്‌ബോള്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയുടെ മകനായ തിയാഗോ മെസി.
സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിനെ യമാലിനെയാണ് തിയാഗോ മെസി തെരഞ്ഞെടുത്തത്. മാനെജിങ് ബാഴ്‌സയിലൂടെയാണ് മെസിയുടെ മകന്‍ ഇക്കാര്യം പറഞ്ഞത്.
‘എന്റെ ടീമില്‍ ഞാന്‍ തെരഞ്ഞെടുക്കുന്ന ഒരു കളിക്കാരന്‍ ലാമിനെ യമലാണ്. ഒരു ദിവസം അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ തിയാഗോ മെസി പറഞ്ഞു.
ബാഴ്‌സലോണയ്ക്കായി കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനമായിരുന്നു യമാല്‍ നടത്തിയത്. സ്പാനിഷ് വമ്പന്മാര്‍ ഒപ്പം 50 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ യമാല്‍ ഏഴ് ഗോളുകളും 10 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
നിലവില്‍ ജര്‍മനിയില്‍ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിനുള്ള സ്‌പെയിന്‍ ടീമിനൊപ്പമാണ് യമാല്‍ ഉള്ളത്. ആദ്യ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ തങ്ങളുടെ യൂറോ കപ്പിലെ തേരോട്ടം തുടങ്ങിയത്.
ഈ മത്സരത്തില്‍ സ്പാനിഷ് ടീമിനുവേണ്ടി കളത്തിലിറങ്ങിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും യമാല്‍ സ്വന്തമാക്കിയിരുന്നു. യൂറോകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് യമാല്‍ സ്വന്തമാക്കിയത്. തന്റെ പതിനാറാം വയസിലാണ് സ്പാനിഷ് ടീമിന് വേണ്ടി യൂറോ മാമാങ്കത്തില്‍ യമാല്‍ കളത്തില്‍ ഇറങ്ങിയത്.
മത്സരത്തില്‍ ഒരു അസിസ്റ്റ് നേടാനും യമാലിന് സാധിച്ചിരുന്നു. യൂറോകപ്പിന് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും 16കാരന് സാധിച്ചു.
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ജോര്‍ജിയക്കെതിരെ താരം ഗോള്‍ നേടിയിരുന്നു. ഇതോടെ യൂറോ യോഗ്യതാ മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എന്ന താരമെന്ന നേട്ടത്തിലേക്കും യമാല്‍ നടന്നുകയറിയിരുന്നു.
17 വയസ്സുള്ളപ്പോള്‍ വെയില്‍സിനു വേണ്ടി ഗോള്‍ നേടിയ ഗാരത് ബെയ്‌ലിന്റെ റെക്കോഡ് തകര്‍ത്തു കൊണ്ടായിരുന്നു സ്പാനിഷ് താരത്തിന്റെ മുന്നേറ്റം.
അതേസമയം വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സ്‌പെയ്ന്‍. ജൂണ്‍ 21ന് ഇറ്റലിക്കെതിരെയാണ് സ്പാനിഷ് പടയുടെ അടുത്ത മത്സരം. വെല്‍റ്റിന്‍സ് അറീനയാണ് വേദി.
Content Highlight: Thiago Messi talks about Lamine Yamal