Sports News
സ്വന്തം കരിയര്‍ തന്നെ തിരുത്തിയെഴുതി മറുപടി നല്‍ക് സഞ്ജൂ... ഇരട്ട റെക്കോഡിലേക്ക് സഞ്ജു വിശ്വനാഥ് സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 21, 05:54 am
Tuesday, 21st January 2025, 11:24 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക.

സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ ടി-20 മത്സരങ്ങള്‍ക്കിറങ്ങുന്നത്. അക്‌സര്‍ പട്ടേലാണ് പരമ്പരയില്‍ സൂര്യയുടെ ഡെപ്യൂട്ടി.

 

കഴിഞ്ഞ കലണ്ടര്‍ ഇയറില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമനായ സഞ്ജു സാംസണും ടീമിന്റെ ഭാഗമാണ്. ബംഗ്ലാദേശിനും സൗത്ത് ആഫ്രിക്കയ്ക്കും എതിരെ പുറത്തെടുത്ത അതേ പ്രകടനം താരം ജോസ് ബട്‌ലറിനും സംഘത്തിനും എതിരെയും പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഈ പരമ്പരയില്‍ തന്റെ കരിയര്‍ തന്നെ തിരുത്തിയെഴുതാന്‍ പോന്ന രണ്ട് നേട്ടങ്ങളും സഞ്ജുവിന് മുമ്പിലുണ്ട്.

അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് എന്ന ലക്ഷ്യത്തിലേക്കാണ് സഞ്ജു ചുവടുവെക്കുന്നത്. നിലവില്‍ 810 റണ്‍സ് തന്റെ പേരില്‍ കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് ഇംഗ്ലണ്ടിനെതിരെ 190 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ 1,000 ടി-20ഐ റണ്‍സ് എന്ന മാജിക്കല്‍ നമ്പറിലെത്താം.

നിലവില്‍ 11 ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. 932 റണ്‍സ് സ്വന്തമാക്കിയ പരിശീലകന്‍ ഗൗതം ഗംഭീറിനെയും മറികടന്നാകും സഞ്ജു ഈ റെക്കോഡിലേക്ക് കാലെടുത്ത് വെക്കുക.

ടി-20 ഫോര്‍മാറ്റില്‍ 7,500 റണ്‍സ് എന്ന റെക്കോഡാണ് ഈ പരമ്പരയില്‍ സഞ്ജുവിന് മുമ്പിലുള്ള മറ്റൊരു ലക്ഷ്യം. 207 റണ്‍സ് കൂടിയാണ് ഈ റെക്കോഡിലെത്താന്‍ സഞ്ജുവിന് ആവശ്യമുള്ളത്. ടി-20 ഫോര്‍മാറ്റില്‍ എം.എസ്. ധോണിക്ക് പോലും നേടാന്‍ സാധിക്കാത്ത റെക്കോഡ് നേട്ടമാണിത്.

നിലവില്‍ കളിച്ച 277 ഇന്നിങ്‌സില്‍ നിന്നും 29.88 ശരാശരിയിലും 137.03 സ്‌ട്രൈക്ക് റേറ്റിലും 7,293 റണ്‍സാണ് സഞ്ജു നേടിയത്. ആറ് സെഞ്ച്വറിയും 47 അര്‍ധ സെഞ്ച്വറിയുമാണ് ടി-20യില്‍ സഞ്ജുവിന്റെ സമ്പാദ്യം.

ഇന്ത്യന്‍ ദേശീയ ടീമിനും ആഭ്യന്തര തലത്തില്‍ കേരളത്തിനും വേണ്ടി ബാറ്റെടുത്ത സഞ്ജു ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടി റണ്ണടിച്ചുകൂട്ടി.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 382 – 12,886

രോഹിത് ശര്‍മ – 435 – 11,830

ശിഖര്‍ ധവാന്‍ – 331 – 9,797

സുരേഷ് റെയ്‌ന – 319 – 8,654

സൂര്യകുമാര്‍ യാദവ് – 280 – 7,875

കെ.എല്‍. രാഹുല്‍ – 213 – 7,586

എം.എസ്. ധോണി – 342 – 7,432

ദിനേഷ് കാര്‍ത്തിക് – 359 – 7,421

സഞ്ജു സാംസണ്‍ – 277 – 7,293

ജനുവരി 22നാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിയ്ക്കാണ് മത്സരം ആരംഭിക്കുക.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.

 

Content highlight:  IND vs ENG: T20I Series: Sanju Samson aiming for a double record