ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുമാണ് ഇന്ത്യ ആതിഥ്യമരുളുന്നത്. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരകളാണിത്.
സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടൊരുങ്ങുന്നത്. ടി-20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയില്‍ നിന്നും ക്യാപ്റ്റന്‍സിയേറ്റെടുത്ത സൂര്യയുടെ കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ നടത്തുന്നത്.
ഈ പരമ്പരയില്‍ ഇന്ത്യന്‍ നായകനെ പല ചരിത്ര നേട്ടങ്ങളും കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ 150 സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യം.
ഈ റെക്കോഡ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ നായകന് വേണ്ടത് വെറും അഞ്ച് സിക്‌സറുകളാണ്. നിലവില്‍ കളിച്ച 74 ഇന്നിങ്‌സില്‍ നിന്നുമാണ് സ്‌കൈ 145 സിക്‌സറുകള്‍ അടിച്ചെടുത്തത്.
ഇതുവരെ വെറും മൂന്ന് താരങ്ങള്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. രോഹിത് ശര്‍മ (205), മാര്‍ട്ടിന്‍ ഗപ്ടില്‍ (173), യു.എ.ഇ സൂപ്പര്‍ താരം മുഹമ്മദ് വസീം (158) എന്നിവര്‍ മാത്രമാണ് ഇതുവരെ അന്താരാഷ്ട്ര ടി-20യില്‍ 150 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയത്.
ഇതിനൊപ്പം മറ്റൊരു റെക്കോഡിലേക്കും സ്‌കൈ ലക്ഷ്യമിടുന്നതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ നൂറില്‍ താഴെ മാത്രം മത്സരം കളിച്ച് 150 സിക്‌സര്‍ എന്ന നേട്ടത്തിലെത്തുന്ന ആദ്യ താരം (ഫുള്‍ മെമ്പര്‍) എന്ന റെക്കോഡിലേക്കാണ് സൂര്യ കണ്ണുവെക്കുന്നത്.
നിലവില്‍ തന്റെ 105ാം മത്സരത്തില്‍ നിന്നും 150 സിക്‌സര്‍ നേടിയ ഗപ്ടില്ലാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്. മുന്‍ നായകന്‍ രോഹിത് ശര്‍മയാകട്ടെ തന്റെ 119ാം മത്സരത്തിലാണ് ഈ നേട്ടത്തിലെത്തിയത്.
ഇതിനൊപ്പം തന്റെ കരിയര്‍ തിരുത്തിയെഴുതാനുള്ള അവസരവും സൂര്യയ്ക്ക് മുമ്പിലുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 8,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് സ്‌കൈ കണ്ണുവെക്കുന്നത്. നിലവില്‍ 280 ഇന്നിങ്‌സില്‍ നിന്നും 7,875 റണ്‍സാണ് സൂര്യയുടെ പേരിലുള്ളത്.
ഇതുവരെ നാല് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ടി-20 ഫോര്‍മാറ്റില്‍ 8,000 റണ്‍സ് നേടിയത്. വിരാട് കോഹ്‌ലി (12,886), രോഹിത് ശര്‍മ (11,830), ശിഖര്‍ ധവാന്‍ (9,797), സുരേഷ് റെയ്‌ന (8,654) എന്നിവര്‍ക്ക് മാത്രമാണ് കുട്ടിക്രിക്കറ്റില്‍ 8k ക്ലബ്ബിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
ഇംഗ്ലണ്ടിനെതിരെ വെറും 125 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ റെക്കോഡ് നേട്ടത്തിലെത്താന്‍ സൂര്യകുമാറിന് സാധിക്കും.
ജനുവരി 22നാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).
ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.
Content Highlight: IND vs ENG: Suryakumar Yadav eying for a massive record in T20