ചെന്നൈ: തമിഴ്‌നാട്ടിലെ തിരുമയത്ത് അനധികൃത ഖനനത്തിനെതിരെ പോരാടിയ സാമൂഹിക പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു. പാറമട ഉടമ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. ഇവരെ ഇന്ന് (ചൊവ്വ) അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി മൂന്ന് വരെ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
തിരുമയം താലൂക്കിലെ വെങ്ങല്ലൂർ സ്വദേശിയായ കെ ജഗ്ബർ അലിയാണ് കൊല്ലപ്പെട്ടത്. സാമൂഹികപ്രവർത്തകനായിരുന്ന അദ്ദേഹം അനധികൃത ഖനന പ്രവർത്തനങ്ങളെ ശക്തമായി എതിർത്തു. അദ്ദേഹത്തിന്റെ മരണം ആദ്യം അപകടമരണമെന്ന് പൊലീസ് സംശയിച്ചെങ്കിലും പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ജനുവരി 17ന് പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജഗ്ബർ അലിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അദ്ദേഹം തൽക്ഷണം മരണപ്പെട്ടു.
‘ആദ്യം, അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് അത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു,’ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അനുവദനീയമായ പരിധിക്കപ്പുറമുള്ള ധാതുക്കൾ ഖനനം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും ജില്ലാ അധികാരികൾക്ക് പരാതി നൽകിയിരുന്നു.
സംഭവത്തിൽ ലോറി ഡ്രൈവർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി തമിഴ്‌നാട് നിയമമന്ത്രി എസ്. റെഗുപതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു. സി.പി.ഐ പുതുക്കോട്ട ജില്ലാ ഘടകം കൊലപാതകത്തെ അപലപിക്കുകയും അലിയുടെ പരാതിയിൽ നടപടിയെടുക്കാത്ത റവന്യൂ-പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തു. സി.പി.ഐ.എം ജില്ലാ ഘടകവും കൊലപാതകത്തെ അപലപിക്കുകയും അനധികൃത ഖനനം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Content Highlight: Social activist who opposed illegal mining in Tamil Nadu killed, four held