ലോകത്തിലെ മികച്ച ക്ലബ്ബെന്ന മര്യാദ തരാതെയവർ ഞങ്ങളെ നാണംകെടുത്തി; പെപ് ഗ്വാർഡിയോള
football news
ലോകത്തിലെ മികച്ച ക്ലബ്ബെന്ന മര്യാദ തരാതെയവർ ഞങ്ങളെ നാണംകെടുത്തി; പെപ് ഗ്വാർഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th January 2023, 3:06 pm

വ്യാഴാഴ്ച നടന്ന ഇ.എഫ്.എൽ കപ്പിന്റെ (ലീഗ് കപ്പ്) ക്വാർട്ടർ ഫൈനലിൽ നാണംകെട്ട തോൽവിയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വഴങ്ങേണ്ടി വന്നത്. പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ സതാംപ്ടൺ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റിയെ മത്സരത്തിൽ നിന്നും പുറത്താക്കിയത്.സിക്കൂ മരാ, മൂസ ജെൻപോ എന്നീ താരങ്ങളാണ് സതാംപ്ടണിന്റെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.

ലോകത്തിലെ തന്നെ ഇപ്പോഴുള്ളതിൽ വെച്ച് ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ പെപ്പ് ഗ്വാർഡിയോളക്ക് കീഴിൽ ഹാലണ്ട്, കെവിൻ ഡി ബ്രൂയ്ൻ, ജൂലിയൻ അൽവാരസ്, ബെർണാഡോ സിൽവ, ഗുണ്ടോഗൻ  മുതലായ ലോകോത്തര താരങ്ങൾ അടങ്ങുന്ന സ്‌ക്വാഡ് ഡെപ്ത്തിലും  പ്രതിഭകളുടെ ധാരാളിത്തത്തിലും ഏത് വമ്പൻ ടീമിനെയും വിറപ്പിക്കുന്ന സിറ്റിക്ക് വൻ തിരിച്ചടിയായിരുന്നു സതാംപ്ടണിനോടേറ്റ പരാജയം.

ചെൽസി, ലിവർപൂൾ മുതലായ വമ്പൻ ടീമുകളെ പരാജയപ്പെടുത്തി ടൂർണമെന്റിന് പുറത്തേക്കെത്തിച്ചിട്ടാണ് സതാംപ്ടൺ പോലെ ദുർബലമായ ടീമിനെതിരെ സിറ്റി തോൽവി ഏറ്റുവാങ്ങിയത്.

എന്നാലിപ്പോൾ സതാംപ്ടണോട് ഏറ്റ തോൽവിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇതിഹാസ പരിശീലകനായ പെപ് ഗ്വാർഡിയോള.

“നമ്മൾ ഈ മത്സരം ജയിക്കാൻ തയ്യാറല്ലായിരുന്നു. അതിന് മുമ്പ് അവർ നമ്മളെ നിലംപരിശാക്കി,’ പെപ്പ് പറഞ്ഞു.


കൂടാതെ ലോകത്തിലെ മികച്ച ടീമുകളിലോന്നിനോടാണ് കളിക്കുന്നതെന്ന ചിന്തയില്ലാതെ അനായാസമായി കളിക്കാൻ സതാംപ്ടണ് സാധിച്ചെന്നും. അവർ സിറ്റിയെ നാണം കെടുത്തിക്കളഞ്ഞെന്നും പെപ്പ് കൂട്ടിച്ചേർത്തു. കൂടാതെ കളി മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്തതായി നടക്കാനിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബി മാച്ചിൽ ഓൾഡ് ട്രഫോർഡിൽ സിറ്റിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന ആദ്യത്തെ നാല് ഡിവിഷനിലെ 92 ക്ലബ്ബുകൾ പരസ്പരം ഏറ്റുമുട്ടുന്ന ടൂർണമെന്റാണ് ഇ.എഫ്.എൽ കപ്പ്‌. പരാജയപ്പെടുന്ന ടീമുകൾ പുറത്താകുന്ന രീതിയിലാണ് ടൂർണമെന്റിന്റെ ഘടന. നിലവിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകൾ മാത്രമാണ് ടൂർണമെന്റിൽ സെമി ഘട്ടത്തിലേക്ക് കടന്നിട്ടുള്ളത്.

അതേസമയം പ്രീമിയർ ലീഗിൽ 17 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളോടെ 39 പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റിയുടെ സ്ഥാനം.
സതാംപ്ടണ് 18 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയം മാത്രം സ്വന്തമാക്കി 12 പോയിന്റ് നേടാനെ സാധിച്ചിട്ടുള്ളൂ. സതാംപ്ടൺ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെടാൻ സാധ്യതയുണ്ട്.

 

Content Highlights:They beat us without even considering we are the best club in the world; Big shame; Pep Guardiola