Film News
'നിനക്ക് വേണ്ടി ജീവിക്കൂ..' മമ്മൂക്ക തന്ന ഉപദേശം; ഉപ്പച്ചിയല്ലാതെ മറ്റാരും എന്നോടത് പറഞ്ഞിരുന്നില്ല: തെസ്‌നി ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 06, 08:45 am
Friday, 6th December 2024, 2:15 pm

രഞ്ജിത്ത് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ഈ സിനിമയില്‍ അലീഷ മുഹമ്മദ്, മുത്തുമണി, മീര നന്ദന്‍, ശേഖര്‍ മേനോന്‍, നെടുമുടി വേണു തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ഒപ്പം നടി തെസ്‌നി ഖാനും കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ആ സിനിമയുടെ സമയത്ത് മമ്മൂട്ടി നല്‍കിയ ഉപദേശത്തെ കുറിച്ച് പറയുകയാണ് തെസ്‌നി. കയ്യില്‍ കാശ് കിട്ടുകയാണെങ്കില്‍ ഒന്നും നശിപ്പിക്കരുതെന്നും നീ നിനക്ക് വേണ്ടി ജീവിക്കണമെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് നടി പറയുന്നത്.

നിനക്കെന്ന് പറയാന്‍ എന്തെങ്കിലും ഉണ്ടാക്കണമെന്നും സ്വന്തമായി വീട് എടുത്തിട്ട് അറിയിക്കണമെന്ന് പറഞ്ഞുവെന്നും തെസ്‌നി ഖാന്‍ പറയുന്നു. സഫാരി ചാനലിന്റെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് ഒരു സമയത്ത് മമ്മൂക്കയുടെ രണ്ടുമൂന്ന് പടങ്ങള്‍ അടുപ്പിച്ച് കിട്ടി തുടങ്ങി. മമ്മൂക്ക പോലും അറിയാതെയാണ് അതൊക്കെ കിട്ടിയത്. ഓരോ പടത്തില്‍ അഭിനയിക്കാന്‍ പോകുമ്പോഴും ‘നീ ഈ പടത്തിലുമുണ്ടോ’ എന്നായിരുന്നു അദ്ദേഹം ചോദിക്കാറുള്ളത്.

അങ്ങനെ രഞ്ജിത്തിന്റെ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന സിനിമയില്‍ എനിക്ക് അവസരം ലഭിച്ചു. അതിന് പോയപ്പോള്‍ ‘നമ്മള്‍ അടുപ്പിച്ചുള്ള പടമോ. ഇത് ശരിയാകില്ല’ എന്ന് മമ്മൂക്ക പറഞ്ഞു (ചിരി). അദ്ദേഹം ഇങ്ങനെയൊക്കെയാണ് സംസാരിക്കുക. പക്ഷെ എന്നെ വലിയ കാര്യമാണ്.

ആ സിനിമയുടെ സമയത്ത് മമ്മൂക്ക ഒരു ദിവസം എന്നെ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞു. ‘ഇപ്പോള്‍ കുറച്ച് പടമൊക്കെ കിട്ടി തുടങ്ങിയില്ലേ. കയ്യില്‍ കാശ് കിട്ടുകയാണെങ്കില്‍ ഒന്നും നശിപ്പിക്കരുത്. നിനക്ക് വേണ്ടി നീ ജീവിക്കൂ. നിനക്കെന്ന് പറയാന്‍ എന്തെങ്കിലും നീ ഉണ്ടാക്കണം’ എന്ന് പറഞ്ഞു.

ഒപ്പം ‘നിനക്ക് സ്വന്തമായി വീട് ഇല്ലല്ലോ. വേഗം ഒരു വീട് എടുക്കൂ. വീട് എടുത്തെന്ന് ഞാന്‍ അറിയണം’ എന്നും അദ്ദേഹം പറഞ്ഞു. ഉപ്പച്ചി അല്ലാതെ വേറെ ആരും എന്നോട് ഇങ്ങനെ പറഞ്ഞിരുന്നില്ല. ചിലര്‍ വീട് എടുക്കൂവെന്ന് വെറുതെ പറയാറുണ്ട്,’ തെസ്‌നി ഖാന്‍ പറഞ്ഞു.


Content Highlight: Thesni Khan Talks About Mammootty’s Advice