Entertainment news
ഈ സിനിമയില്‍ വയലന്റ് ആക്ഷനുകള്‍ ഇല്ല, ഒരു തുള്ളി ചോര പോലും കാണിച്ചിട്ടില്ല: ഖാലിദ് റഹ്‌മാന്‍

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, എന്നീ ചിത്രങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
അത്തരത്തില്‍ മനോഹരമായ സിനിമകള്‍ മലയാള സിനിമക്ക് സമ്മാനിച്ച സംവിധായകന്‍ ആണ് ഖാലിദ് റഹ്‌മാന്‍. 2020ല്‍ പുറത്തിറങ്ങിയ ലൗവ് എന്ന ചിത്രവും 2022 ല്‍ പുറത്തിറങ്ങിയ തല്ലുമാല എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്ത ഴോണറുകളില്‍ സിനിമകള്‍ ചെയ്യുന്ന ഫിംലിം മേക്കര്‍ എന്ന സവിശേഷതയും അദ്ദേഹത്തിന് ഉണ്ട്.

ഉസ്താദ് ഹോട്ടല്‍, നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം മലയാള ചലച്ചിത്ര രംഗത്ത് തന്റെ കരിയര്‍ ആരംഭിച്ചത്. പറവ, മായാനദി, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചു. ഇപ്പോള്‍ ആലപ്പുഴ ജിംഖാന എന്ന തന്റെ പുതിയ സ്പോര്‍ട്സ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ക്യൂ സ്റ്റുഡിയോയില്‍ പങ്കുവെക്കുകയാണ് ഖാലിദ് റഹ്‌മാന്‍.

ആലപ്പുഴ ജിംഖാന ഒരു സ്പോര്‍ട്സ് കോമഡി ഴോണറില്‍ വരുന്ന ചിത്രമാണെന്നും ഈ സിനിമയില്‍ തങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് അമേച്വര്‍ ബോക്സിങ്ങാണെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു. ഒരുതരത്തിലുള്ള ബ്ലഡ് ഷെഡിങ് ആക്ഷനുകളോ, വയലന്റ് ആക്ഷന്‍സോ ഈ സിനിമയില്‍ ഇല്ലെന്നും ഇത് വളരെ ഹൃദ്യമായ ഒരു സ്പോര്‍ട്സ് കോമഡി ചിത്രമാണെന്നും അദ്ദേഹം പറയുന്നു.

‘ആലപ്പുഴ ജിംഖാന ഒരു സ്പോര്‍ട്ട്സ് കോമഡി ഴോണറിലുള്ള ചിത്രമാണ്. ഈ സിനിമയില്‍ സ്പോര്‍ട്ട് ആയിട്ട് നമ്മള്‍ തെരഞ്ഞെടുത്തത് ബോക്സിങ് ആണ്. ബോക്സിങ് ബേയ്സ്ഡ് ആയിട്ടുള്ള സിനിമയാണിത്. ഒരു ബോക്സിങ് സിനിമയെന്നു പറയുമ്പോള്‍ നമ്മുക്ക് ആദ്യം റോക്കി, ക്രീഡ്, തമിഴ് ചിത്രമായ സര്‍പ്പട്ട പരമ്പരൈ എന്നീ ബിഗ് ടൈംസ് ബോക്സിങ് സിനിമകളാണ് ഓര്‍മ വരുക. ബോക്സിങ്ങില്‍ പ്രധാനമായും പ്രൊഫഷണല്‍ ബോക്സിങും, അമേച്വര്‍ ബോക്സിങും ആണ് ഉള്ളത്.

അതില്‍ നമ്മള്‍ തെരഞ്ഞെടുത്തിരിക്കുന്നത് അമേച്ച്വര്‍ ബോക്സിങ് ആണ്. ഒട്ടും മെച്വര്‍ അല്ലാത്ത ബോക്സിങ്ങാണ് അത്. നമ്മള്‍ സ്‌കൂള്‍ തലങ്ങളിലും, ജില്ലാ തലത്തിലും, ക്ലബ് തലത്തിലും മത്സരങ്ങള്‍ നടക്കുന്ന ക്യാറ്റഗറിയില്‍ ഉള്ള ബോക്സിങ് ആണ് ഈ സിനിമയില്‍.

ഇത്തരത്തില്‍ ഒരു ചിത്രമായത് കൊണ്ട് തന്നെ ആക്ഷന്‍ ഒഴിവാക്കാന്‍ പറ്റില്ല. പക്ഷേ ഈ സിനിമയില്‍ അത്തരത്തിലുള്ള ഒരു ബ്ലഡ് ഷെഡിങ് ആക്ഷനോ, വയലന്റ് ആക്ഷനോ ഇല്ല. ഒരു തുള്ളി ചോര പോലും നമ്മളുടെ സിനിമയില്‍ കാണിച്ചിട്ടില്ല. വളരെ ലൈറ്റ് ഹാര്‍ട്ടട് ആയിട്ടുള്ള സിനിമയാണ്. ഒരു സ്പോര്‍ട്സ് കോമഡി ചിത്രം എന്ന രീതിയില്‍ തന്നെ ചെയ്യണമെന്ന് വിചാരിച്ച് എടുത്തിരിക്കുന്ന സിനിമയാണ് ജിംഖാന,’ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

content highlights: There are no violent actions in Alappuzha Gymkhana, not even a single drop of blood is shown: Khalid Rahman