കോഴിക്കോട്: തന്ത്ര ഗ്രന്ഥങ്ങളിലൊന്നും ആനയെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തുന്നതിനെ കുറിച്ച് പരാമര്‍ശമില്ലെന്നും ആനയെ എഴുന്നള്ളിക്കുന്ന ആചാരത്തിന് വളരെ ചെറിയ കാലപ്പഴക്കമേ ഉള്ളൂവെന്നും എഴുത്തുകാരി ലക്ഷ്മി രാജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
”തന്ത്ര ഗ്രന്ഥങ്ങളിലൊന്നും തന്നെ ആനയെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തുന്നതിനെ കുറിച്ച് പരാമര്‍ശമില്ല. തൃശ്ശൂര്‍ പൂരം എന്നത് ശക്തന്‍ തമ്പുരാന്‍ തുടങ്ങി വെച്ച ഒന്നാണ്. അതും ക്ഷേത്രത്തിലെ പൂജയോ, ദേവനോ, ദേവിയോ ആയി ഒരു ബന്ധവുമില്ല. അവിടെ കാണാനുള്ള ഭംഗിയും ആളുകളുടെ പങ്കാളിത്തവുമായിരുന്നു ലക്ഷ്യം. ബാക്കിയെല്ലാം പിന്നീട് ഉണ്ടായി വന്നതാണ്. അങ്ങനെ നോക്കിയാല്‍ ആനയെ എഴുന്നള്ളിക്കുന്ന രീതിക്ക് വളരെ ചെറിയ കാലപ്പഴക്കമേ ഉള്ളൂ.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മതിലകം രേഖകളില്‍ ഒരിടത്ത് ആനയെ നടയിരുത്തിയതായി കാണാം. ഇതല്ലാതെ എഴുന്നള്ളത്തിന് ആനയെ ഉപയോഗിക്കുന്ന രീതി കേരളീയ ക്ഷേത്ര ഗ്രന്ഥങ്ങളുടെ ഭാഗമേയല്ല. ഇപ്പോള്‍ പൂരത്തിന്റെ പേരില്‍ പലപ്പോഴും ആനകളോട് കാണിക്കുന്നത് അസംബന്ധവും ക്രൂരതയുമാണ്.” ലക്ഷ്മി രാജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.