വാഷിങ്ടൺ പോസ്റ്റിൽ മാധ്യമപ്രവർത്തകരെ പിരിച്ചുവിടുന്നു; 24 മണിക്കൂർ സമരവുമായി ജീവനക്കാർ
World News
വാഷിങ്ടൺ പോസ്റ്റിൽ മാധ്യമപ്രവർത്തകരെ പിരിച്ചുവിടുന്നു; 24 മണിക്കൂർ സമരവുമായി ജീവനക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th December 2023, 4:34 pm

വാഷിങ്ടൺ: ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള വാഷിങ്ടൺ പോസ്റ്റ്‌ നടപടിക്കെതിരെ 24 മണിക്കൂർ സമരവുമായി മാധ്യമപ്രവർത്തകർ. സ്ഥാപനത്തിലെ 940 മാധ്യമപ്രവർത്തകരിൽ പത്ത് ശതമാനം പേരെ പിരിച്ചുവിടുമെന്ന് സ്ഥാപനം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തൊഴിലാളി അനുകൂല്യത്തിൽ കരാറിൽ എത്തുന്നതിന് യൂണിയനുമായുള്ള ഒന്നര വർഷത്തിലേറെ നീണ്ട ചർച്ച ഫലം കാണാത്തതും പണിമുടക്കിന് കാരണമായി.

‘ഈ ചരിത്രപരമായ നടപടി ഞങ്ങൾ ലാഘവത്തോടെ എടുത്ത തീരുമാനമല്ല. ആളുകളിലും ഞങ്ങൾ വാർത്തകൾ എത്തിക്കുന്ന സമൂഹത്തിലും ഇത് എങ്ങനെ ബാധിക്കുമെന്നത് ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്,’ വാഷിങ്ടൺ പോസ്റ്റ്‌ ഗിൽഡ് വായനക്കാരെ അറിയിച്ചു.

1970കൾക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്.

മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് സ്ഥാപനത്തിന്റെ പ്രതിസന്ധിക്ക് കാരണമെന്നും 40 ഓളം പേരെ പിരിച്ചുവിട്ടതായും തൊഴിലാളി സംഘടനയായ ദി വാഷിങ്ടൺ ബാൽട്ടിമോർ ന്യൂസ് ഗിൽഡ് അറിയിച്ചു.

മാനേജ്മെന്റ് മുന്നോട്ട് വെച്ച വേതന പാക്കേജുകളും യൂണിയൻ തള്ളിയിരുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നരിലൊരാളായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള പത്ര സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരെ വെട്ടികുറക്കേണ്ടതിന്റെ ആവശ്യം എന്താണെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. എന്നാൽ സ്ഥാപനം സ്വയം പരിഹാരം കാണണമെന്ന് ബെസോസ് പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

ഡിസംബർ ഏഴിന് നടക്കുന്ന സമരത്തിൽ, പത്രത്തിന്റെ ഉള്ളടക്കങ്ങൾ വായിക്കുന്നതിൽ നിന്ന് വായനക്കാർ വിട്ടുനിൽക്കണമെന്ന് ഗിൽഡ് ആവശ്യപ്പെട്ടു.

‘ 24 മണിക്കൂറും നേരത്തേക്ക് ദയവായി വാഷിംഗ്ടൺ പോസ്റ്റിന്റെ ഉള്ളടക്കവുമായി നിങ്ങൾ ഇടപഴകരുത്. അതിൽ പ്രിന്റ്, ഓൺലൈൻ വാർത്തകൾ, പോഡ്കാസ്റ്റുകൾ, വീഡിയോകൾ, ഗെയിമുകൾ എന്നിവ ഉൾപ്പെടുന്നു,’ വർക്കേഴ്സ് ഗിൽഡ് അറിയിച്ചു.

നേരത്തെ അമേരിക്കയിലെ ഏറ്റവും വലിയ പ്രസാദക ഗ്രൂപ്പായ ധ്യാനത്തിലും ന്യൂയോർക്ക് ടൈംസിലും മാധ്യമപ്രവർത്തക പണിമുടക്കിയിരുന്നു. വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിലും നവംബറിൽ വേതന തർക്കത്തെ തുടർന്ന് സമരം നടന്നിരുന്നു.

Content Highlight: The Washington Post braces for historic 24-hour strike as journalists protest staff cuts and contract frustrations