തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം ശക്തമാക്കി യു.ഡി.എഫ്. രാവിലെ ഏഴ് മണിയോടെയാണ് പ്രതിഷേധ സമരം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രധാന ഗേറ്റുകളെല്ലാം ഉപരോധിക്കുന്നത്.
പത്ത് മണിയോടെ സെക്രട്ടറിയേറ്റിലേക്ക് വന്ന ജീവനക്കാരെ പ്രധാന ഗേറ്റുകളില്‍ വെച്ച് സമരക്കാര്‍ തടഞ്ഞു. ആദ്യം പൊലീസ് ഇടപെട്ട് കുറച്ചുപേരെ അകത്തേക്ക് കയറ്റിയെങ്കിലും, കൂടുതല്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരേയും പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ നാസറിനെയാണ് സമരക്കാര്‍ തടഞ്ഞത്. സമരം മുടക്കാന്‍ പൊലീസുകാരെ സമ്മതിക്കില്ലെന്നും സമരക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.
അതേസമയം, നികുതി വര്‍ധന, കാര്‍ഷിക പ്രശ്‌നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ അവതരിപ്പിച്ചു.