തൃശൂര്‍: എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്ത ബി.ജെ.പി നേതാവിന് സസ്പെന്‍ഷന്‍. ബി.ജെ.പി മുന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വി.വി. വിജീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെയാണ് ഹരജി നല്‍കിയതെന്ന് കാണിച്ചാണ് നടപടി. ബി.ജെ.പി തൃശൂര്‍ സിറ്റി ജില്ലാ അധ്യക്ഷന്‍ ജെസ്റ്റിന്‍ ജേക്കബ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് സസ്പെന്‍ഡ് നടപടിയെ കുറിച്ച് പറയുന്നത്.
പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ അനുവാദത്തോട് കൂടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് വിജീഷിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നാണ് നേതൃത്വം അറിയിച്ചത്.
അതേസമയം മതധ്രുവീകരണം നടത്താനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും എമ്പുരാനെതിരായ ഹരജിയുമായി മുന്നോട്ടുപോകുമെന്നുമാണ് വിജീഷിന്റെ നിലപാട്. എമ്പുരാന്‍ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതെന്നും കാണിച്ചാണ് വിജീഷ് ഹരജി ഫയല്‍ ചെയ്തത്.
രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്ന സിനിമയാണ് എമ്പുരാനെന്നും ദേശീയ അന്വേഷണ ഏജന്‍സിയെയും പ്രതിരോധ മന്ത്രാലയത്തെയും എമ്പുരാന്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.
എമ്പുരാന്‍ മതസ്പര്‍ദ്ധക്ക് വഴിയൊരുക്കുന്നുവെന്നും ബി.ജെ.പി അംഗം ഹരജിയില്‍ പറയുന്നുണ്ട്. സിനിമ ചരിത്രം വളച്ചൊടിക്കുന്നെന്നും ഗോധ്ര കലാപത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു.
എന്നാല്‍ എമ്പുരാനെതിരെ ഹരജി ഫയല്‍ ചെയ്തതിന് പിന്നാലെ മുന്‍ ബി.ജെ.പി നേതാവും പിന്നീട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയും ചെയ്ത സന്ദീപ് വാര്യര്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഒരു വശത്ത് സിനിമക്കെതിരായി തങ്ങള്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് പറയുകയും മറുവശത്ത് ആ സിനിമയെ ഇല്ലാതാക്കാന്‍ വേണ്ടി ഏതറ്റം വരെയും പോവുകയും ചെയ്യുന്ന നെറികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി പയറ്റുന്നതെന്നാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
കേരളത്തില്‍ നിന്ന് ഒരു വലിയ സിനിമ ഉണ്ടായപ്പോള്‍ അതിനെ തകര്‍ക്കാനും നശിപ്പിക്കാനും ഉത്തരേന്ത്യന്‍ ലോബിക്ക് ആഗ്രഹമുണ്ടായിരിക്കാം. അതിന് ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ ബി.ജെ.പിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.
Content Highlight: BJP leader who filed a petition against Empuran in the High Court suspended