കൊച്ചി: ആളുകളെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ മോന്‍സന്‍ പക്കലുള്ള പുരാവസ്തുക്കള്‍ നിര്‍മ്മിച്ചത് ചേര്‍ത്തലയിലെ ആശാരി. ക്രൈം ബ്രാഞ്ചിന്റേതാണ് ഈ കണ്ടെത്തല്‍.
ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയവ തന്റെ പക്കല്‍ ശേഖരമായുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശ വാദം. ഈ വസ്തുക്കളെല്ലാം നിര്‍മ്മിച്ചത് ചേര്‍ത്തലയിലുള്ള ആശാരിയാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
കൊച്ചി സ്വദേശിയാണ് മോന്‍സന്‍ മാവുങ്കല്‍. പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു തട്ടിപ്പ്.
തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സന്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.