Football
മെസി വിശ്രമിക്കട്ടെ, ഇതിഹാസത്തിനായി പുതിയ പദ്ധതികള്‍ ഒരുക്കുന്നുണ്ട്: സഹതാരം
മേജര്‍ ലീഗ് സോക്കറിലെ ഈ സീസണിലെ അവസാന മത്സരത്തില്‍ ഷാര്‍ലറ്റ് എഫ്.സിയോട് ഇന്റര്‍ മയാമി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. സീസണ്‍ അവസാനിച്ചതോടെ ഇന്റര്‍ മയാമി പരിശീലനമത്സരങ്ങള്‍ കളിക്കാനായി ചൈനയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്.
ഈ സാഹചര്യത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയെകുറിച്ച് സംസാരിച്ചിരിക്കുകയാണ് സഹതാരം എഡിസണ്‍ അസ്‌കൊണ.
മെസിക്ക് പരിക്ക് പറ്റാതിരിക്കാന്‍ താരത്തെ ഇന്റര്‍ മയാമിയുടെ പരിശീലനമത്സരങ്ങളില്‍ കളിക്കാന്‍ അനുവദിക്കരുതെന്നാണ് എഡിസണ്‍ പറഞ്ഞത്.
‘ഞങ്ങള്‍ മെസിയെ വേദനിപ്പിക്കാനല്ല പകരം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ മെസിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കും. പരിശീലനമത്സരങ്ങളില്‍ മെസിയെ കളിക്കാന്‍ അനുവദിക്കാതിരിക്കുക പകരം അദ്ദേഹം ജാഗ്രതതയോടെ നില്‍ക്കുകയുമാണ് ചെയ്യേണ്ടത്,’ അസ്‌കൊണ ഇന്‍ഫോബയോട് പറഞ്ഞു.
സെപ്റ്റംബറില്‍ നടന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടെയാണ് മെസിക്ക് പരിക്കേറ്റത്. പിന്നീട് നടന്ന മത്സരങ്ങളിലൊന്നും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. മെസിയില്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമി യു.എസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ പരാജയപ്പെടുകയും ലീഗില്‍ ടീമിന്റെ പ്ലേ ഓഫ് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
അതേസമയം മെസിയുടെ വരവോടുകൂടി ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് മയാമി സ്വന്തമാക്കിയിരുന്നു. മയാമിക്കായി 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകള്‍ മെസി നേടിയിട്ടുണ്ട്.
ഇന്റര്‍ മയാമിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും അതിന്റ ഭാഗമായി താരങ്ങള്‍ പുതിയ ഭാഷ പഠിക്കുവാന്‍ ശ്രമിക്കുകയാണെന്നും അസ്‌കൊണ വ്യക്തമാക്കി.
‘മെസി ഇംഗ്ലീഷ് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ചില സമയങ്ങളില്‍ അദ്ദേഹം വരുമ്പോള്‍ ഗുഡ് മോര്‍ണിങ് എന്ന് പറയും. എന്നാല്‍ സ്പാനിഷ് ഭാഷ അറിയാത്ത ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ആളുകള്‍ സ്പാനിഷ് ഭാഷ പഠിക്കുന്നു,’ അസ്‌കോണ കൂട്ടിചേര്‍ത്തു.
Content Highlight: The Teammate talks about Lionel Messi.