പാലക്കാട് : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. കെ.എസ്.ഇ.ബിയുടെ നിലനില്‍പ്പ് കൂടി നോക്കണമെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. 5 പദ്ധതികള്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍ ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും.
അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കില്‍ നല്‍കി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. യൂണിറ്റിന് 2.33 രൂപയുടെ വര്‍ധനയാണ് ഉദ്ദേശിക്കുന്നതെങ്കിലും വൈദ്യുതി വാങ്ങല്‍ ചെലവിലെ കുറവ്, വില്‍പ്പന തുടങ്ങിയവ കാരണം നിരക്ക് കുറയും.
ഈ വര്‍ഷം ഒരു രൂപയും പിന്നീട് ഒന്നര രൂപ വരെയും വര്‍ധനവുണ്ടാകും. കഴിഞ്ഞ തവണ യൂണിറ്റിന് 30 പൈസയുടെ നിരക്കു വര്‍ധന മാത്രമാണ് നടപ്പാക്കിയത്. അടുത്ത 5 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബിയുടെ മൂലധന നിക്ഷേപം 28,000 കോടി രൂപയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 13,000 കോടി പ്രസരണ, വിതരണ ശൃംഖല ശക്തിപ്പെടുത്താനാണ്.
60 ശതമാനം കേന്ദ്ര ഗ്രാന്‍ഡുള്ളതിനാല്‍ നിരക്ക് വര്‍ധനയിലേക്ക് മാറ്റേണ്ടതില്ല. 8000 കോടി രൂപ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനാണ് വകയിരുത്തിയിട്ടുള്ളത്. ഇതിനും കേന്ദ്രവിഹിതം ലഭിക്കും. 6000 കോടിയാണ് ബോര്‍ഡിന്റെ സഞ്ചിത നഷ്ടം. പത്ത് ശതമാനത്തോളം ചെലവു കുറക്കുന്നതും നിര്‍ദേശത്തിലുണ്ട്.
സംസ്ഥാനത്ത് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തുവില്‍ക്കുകയാണ്. ഇത് കുറഞ്ഞ നിരക്കില്‍ വ്യവസായങ്ങള്‍ക്ക് നല്‍കി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്.