അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകള്‍ക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകള്‍ക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകള്‍ക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകള്‍ക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീര്‍ത്തി പ്രചാരണവും അക്ഷന്തവ്യമാണെന്നും ലഭ്യമായ മാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ല എങ്കില്‍ തക്കതായ നിയമ നിര്‍മ്മാണം ആലോചിക്കുമെന്നും നിലവില്‍ ഉയര്‍ന്ന പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം കയ്യിലെടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ യുട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ അഭിനന്ദിച്ചുകൊണ്ട് നേരത്തെ കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു.
സ്ത്രീകള്‍ക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരല്ല നിലവിലുള്ളതെന്നും സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു.
വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് കരിമഷി ഒഴിക്കുകയും ചെയ്തിരുന്നു.
ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.
വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയ് പി. നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
അതേസമയം, വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പി.എച്ച്.ഡി ബിരുദം നല്‍കിയ ചെന്നൈയിലെ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി ചെന്നൈയിലോ പരിസരങ്ങളിലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണ്. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും. നിലവിൽ ഉയർന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു. അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകൾക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: The sentiment of this state is with insulted women; Government will intervene to get justice for victims: Chief Minister Pinarayi Vijayan