എ.എഫ്.സിയിൽ ചേരാൻ കരുനീക്കം നടത്തി റഷ്യ; ഇന്ത്യക്ക് കനത്ത തിരിച്ച‍ടി
Football
എ.എഫ്.സിയിൽ ചേരാൻ കരുനീക്കം നടത്തി റഷ്യ; ഇന്ത്യക്ക് കനത്ത തിരിച്ച‍ടി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th December 2022, 5:48 pm

യുവേഫയിലെ അംഗത്വം അവസാനിപ്പിച്ച് റഷ്യ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ (എ.എഫ്.സി) ചേരാൻ നീക്കം നടത്തിയതായി റിപ്പോർട്ട്. ഉക്രൈന്‍ അധിനിവേഷത്തെ തുടർന്ന് ഫിഫയും യുവേഫയും റഷ്യയെ വിലക്കിയിരുന്നു. വെള്ളിയാഴ്ച്ച റഷ്യൻ ഫുട്ബോൾ യൂണിയൻ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനമെടുത്തതെന്നും റിപ്പോർട്ടിലുണ്ട്.

ഏഷ്യയിലേക്ക് ചേക്കേറുന്നത് വഴി റഷ്യക്ക് ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. റഷ്യ എ.എഫ്‌.സിയിൽ ചേർന്നാൽ അത് ഇന്ത്യ ഉൾപ്പെടെ ലോകകപ്പ് യോഗ്യത സ്വപ്‌നം കാണുന്ന രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാകും.

ഏഷ്യയിൽ ചേരുന്നതോടെ ഒരു ലോകകപ്പ് സ്ലോട്ട് റഷ്യ കൊണ്ടുപോകും. അതുമൂലം ഇന്ത്യ ഉൾപ്പെടെയുള്ള രണ്ടാംനിര ടീമുകൾക്ക് യോഗ്യത നേടാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്.

അതേസമയം, എ.എഫ്‌.സിയിൽ ചേർന്ന് അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് മടങ്ങിവരാനുള്ള റഷ്യൻ ശ്രമത്തെ തടയാൻ സഹായിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ക്യാമ്പെയ്നേഴ്സ് ഓസ്‌ട്രേലിയയോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുണ്ട്.

റഷ്യ ഏഷ്യയിലേക്ക് വരുന്നത് ഭൂമിശാസ്ത്രപരമായി എതിർക്കാൻ ഇന്ത്യ അടക്കമുള്ള അംഗരാജ്യങ്ങൾക്ക് സാധിക്കില്ല. റഷ്യയുടെ ഭൂവിസ്തൃതിയുടെ നല്ലൊരു പങ്കും ഏഷ്യ ഭൂഖണ്ഡത്തിലാണെന്നതാണ് കാരണം. എന്നാൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി റഷ്യയുടെ പ്രവേശനം വൈകിപ്പിക്കാൻ സാധിക്കും.

ഒഷ്യാനിയ മേഖലയിൽ നിന്ന് ഓസ്‌ട്രേലിയ എ.എഫ്‌.സിയിൽ ചേർന്നത് 2006ൽ ആണ്. അടുത്ത ലോകകപ്പ് മുതൽ ഓസ്‌ട്രേലിയ ഭൂമിശാസ്ത്രപരമായി ഉൾപ്പെടുന്ന ഓഷ്യാനിയ മേഖലക്ക് തനിച്ച് ഒരു ലോകകപ്പ് സ്ലോട്ട് ലഭിക്കും.

ടീമുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സ്ലോട്ട് ലഭിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയ എ.എഫ്‌.സിയിൽ നിന്ന് തിരികെ ഓഷ്യാനിയ യൂണിയനിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.

എ.എഫ്‌.സി ചാമ്പ്യൻസ് ലീഗും മറ്റ് ക്ലബ് ചാമ്പ്യൻഷിപ്പുകളും ഉള്ളതിനാൽ ഓസ്‌ട്രേലിയയിലെ ക്ലബുകൾ ഈ നീക്കത്തോട് യോജിക്കാൻ സാധ്യത തീരെ കുറവാണ്. വരും ആഴ്ച്ചകളിൽ റഷ്യയുടെ വരവും ഓസ്‌ട്രേലിയയുടെ പടിയിറക്കവും സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

Content Highlights: The Russia FA will meet Friday to vote on leaving UEFA & join AFC