രഹസ്യങ്ങളുടെ കലവറയാണ് ആര്‍.എസ്.എസ് കാര്യാലയം; അവ സൂക്ഷിക്കാനാണ് സന്ദീപ് വാര്യര്‍ ഭൂമി നല്‍കുന്നത്: സുധീഷ് മിന്നി
Kerala News
രഹസ്യങ്ങളുടെ കലവറയാണ് ആര്‍.എസ്.എസ് കാര്യാലയം; അവ സൂക്ഷിക്കാനാണ് സന്ദീപ് വാര്യര്‍ ഭൂമി നല്‍കുന്നത്: സുധീഷ് മിന്നി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2024, 12:28 pm

കോഴിക്കോട്: ഒരുപാട് രഹസ്യങ്ങളുടെ കലവറയായ ആര്‍.എസ്.എസ് കാര്യാലയത്തിന് ഭൂമി വിട്ടുനല്‍കുന്നതിലൂടെ സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നത് താന്‍ ഇപ്പോഴുമൊരു സ്വയം സേവകനാണ് എന്നു തന്നെയാണെന്ന് ആര്‍.എസ്.എസ് വിട്ട് സി.പി.ഐ.എമ്മിലെത്തിയ സുധീഷ് മിന്നി. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസിനെ നയിക്കുന്നത് ഒരുപാട് രഹസ്യങ്ങളും സ്വകാര്യതകളുമാണെന്നും താനും ഒ.കെ.വാസുവും ആ രഹസ്യങ്ങളാണ് തുറന്നുപറയുന്നതെന്നും ഇത് ആ സംഘടനയുടെ അടിത്തറ ഇളക്കുന്നതാണെന്നും സുധീഷ് മിന്നി പറഞ്ഞു. എന്നാല്‍ സന്ദീപ് വാര്യര്‍ ഇപ്പോഴും ആ കാര്യങ്ങളെ കുറിച്ചൊന്നും സംസാരിക്കുന്നില്ലെന്നും പകരം അദ്ദേഹം ഇപ്പോഴും ആ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കാര്യാലയം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കുകയാണ് എന്നും സുധീഷ് മിന്നി പറഞ്ഞു.

ആര്‍.എസ്.എസ് കാര്യാലയങ്ങള്‍ മറ്റു പാര്‍ട്ടികളുടെയോ സംഘടനകളുടെയോ ഓഫീസുകള്‍ പോലെ പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് കയറിച്ചെല്ലാന്‍ കഴിയുന്ന ഇടങ്ങളല്ലെന്നും സുധീഷ് മിന്നി പറഞ്ഞു. അവിടെ എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ലെന്നും ഇത്തരമൊരു രഹസ്യ കേന്ദ്രത്തെ ഇപ്പോഴും തന്റെ വീടിന് സമീപം നിര്‍ത്താന്‍ സന്ദീപ് വാര്യര്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസിലെത്തിയിട്ടില്ല എന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് കാര്യാലയത്തിന് പകരം സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ തന്നെയുള്ള പാവപ്പെട്ടവരോ അനാഥരോ ആയ ഒരു കുടുംബത്തിന് വീട് വെക്കാനാണ് ഭൂമി നല്‍കിയിരുന്നത് എങ്കില്‍ അതിനെ ആരും എതിര്‍ക്കില്ലായിരുന്നു എന്നും സുധീഷ് മിന്നി പറയുന്നു.

‘ആര്‍.എസ്.എസിനെ നയിക്കുന്നത് ഒരുപാട് സ്വകാര്യതകളും രഹസ്യങ്ങളുമാണ്. അതിന് കൃത്യമൊയൊരു മിനുട്‌സോ മെമ്പര്‍ഷിപ്പോ ഇല്ല. ഈ രഹസ്യങ്ങളെ കുറിച്ചാണ് ഞാനും ഒ.കെ. വാസുമാഷുമെല്ലാം തുറന്നു പറയുന്നത്. അത് അവര്‍ക്ക് സഹിക്കില്ല. കാരണം ഈ രഹസ്യങ്ങള്‍ പുറത്തറിയുക എന്നാല്‍ അവരുടെ അടിത്തറ ഇളക്കുന്നതാണ്.

എന്നാല്‍ സന്ദീപ് വാര്യര്‍ അങ്ങനെയല്ല. ആര്‍.എസ്.എസിന് സന്ദീപ് വാര്യര്‍ ഇപ്പോഴും ഒരു ശത്രുവല്ല. അവര്‍ അദ്ദേഹത്തെ ഇപ്പോഴും സഹയാത്രികനായാണ് കാണുന്നത്. കാരണം അദ്ദേഹം ഇപ്പോഴും അമ്മയുടെ ആഗ്രഹപ്രകാരമെന്ന പേരില്‍ കാര്യാലയത്തിന് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണ്.

ആര്‍.എസ്.എസിന്റെ കാര്യാലയം എന്ന ആശയം എന്താണെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. മറ്റെല്ലാ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഓഫീസുകളില്‍ നമുക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കടന്നു ചെല്ലാന്‍ കഴിയാറുണ്ട്. ബി.ജെ.പിയുടെ ഓഫീസിലും ചെല്ലാന്‍ സാധിക്കും. എന്നാല്‍ ആര്‍.എസ്.എസിന്റെ ഓഫീസിലേക്ക് പുറത്ത് നിന്ന് ഒരാള്‍ക്ക് കയറിച്ചെല്ലാന്‍ കഴിയുമോ? അവിടെ എന്താണ് നടക്കുന്നത് എന്ന് നമുക്കാര്‍ക്കെങ്കിലും അറിയുമോ? അവിടെ എല്ലാം രഹസ്യമാണ്.

അത്തരമൊരു രഹസ്യാത്മകതക്ക് വേണ്ടിയാണ് സന്ദീപ് വാര്യര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായിരിക്കുന്നത്. പാവപ്പെട്ടൊരു സ്വയംസേവകനോ, ബാലഗോകുകലത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥമായൊരു കുടുംബത്തിനോ വീടുവെച്ച് കൊടുക്കാനാണ് സ്ഥലം വിട്ടുനല്‍കുന്നതെങ്കില്‍ ആരും എതിര്‍ക്കില്ലായിരുന്നു. കാരണം സ്വയംസേവകനാണെങ്കിലും മനുഷ്യനല്ലേ എന്നേ കരുതൂ.

എന്നാല്‍ ഒരുപാട് രഹസ്യങ്ങളുടെ കലവറയെ ഇപ്പോഴും തന്റെ വീടിന്റെ ഓരത്ത് നിര്‍ത്താന്‍ സന്ദീപ് വാര്യര്‍ക്ക് സാധിക്കുന്നു എന്നതിനര്‍ത്ഥം അദ്ദേഹം ഇപ്പോഴും അവിടെ നിന്നും പോന്നിട്ടില്ല എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ സ്വയം സേവകരായ ആളുകള്‍ ഇപ്പോഴും വിശ്വസിക്കുന്നത് അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോയിട്ടില്ല എന്ന് തന്നെയാണ്’, സുധീഷ് മിന്നി പറഞ്ഞു.

content highlights: The RSS office is a storehouse of secrets; Sandeep Warrier gives land to keep them: Sudheesh Minni