national news
എൻ.ഡി.എയ്ക്ക് തിരിച്ചടി; ദളിത് പാര്‍ട്ടിയായതിനാല്‍ അവഗണനനേരിട്ടെന്നാരോപിച്ച് ബിഹാറില്‍ എന്‍.ഡി.എ സഖ്യം വിട്ട് പശുപതി കുമാര്‍ പരസിൻ്റെ പാർട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 15, 05:29 am
Tuesday, 15th April 2025, 10:59 am

പാട്ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍.ഡി.എ സഖ്യത്തിന് തിരിച്ചടി. ദളിത് പാർട്ടി ആയതിനാൽ അവഗണന നേരിട്ടെന്നാരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുളള എന്‍.ഡി.എ സഖ്യം വിട്ടെന്ന് രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍.എല്‍.ജെ.പി) പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി ഇനി എന്‍.ഡി.എ സഖ്യത്തിലില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ പശുപതി കുമാര്‍ പരസ് പ്രഖ്യാപിച്ചു.

ബി.ആര്‍. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് എന്‍.ഡി.എ സഖ്യം വിടുന്ന കാര്യം പരസ് പ്രഖ്യാപിച്ചത്.

ദളിത് പാർട്ടിയായതിനാൽ തന്റെ പാർട്ടിക്ക് അനീതി നേരിടേണ്ടി വന്നിട്ടുണ്ടെന്നും എൻ.ഡി.എ യോഗങ്ങളിൽ ബീഹാറിലെ ബി.ജെ.പിയുടെയും ജെ.ഡി.യു സംസ്ഥാന മേധാവികളുടെയും പരിഗണന തന്റെ പാർട്ടിക്ക് ലഭിച്ചില്ലെന്നും പരസ് പറഞ്ഞു. ‘2014 മുതൽ ഞാൻ എൻ.ഡി.എയിൽ ഉണ്ട്. ഇനി മുതൽ എന്റെ പാർട്ടിക്ക് എൻ.ഡി.എയുമായി ഒരു ബന്ധവുമില്ലെന്ന് ഇന്ന് ഞാൻ പ്രഖ്യാപിക്കുന്നു,’ അദ്ദേഹം പ്രഖ്യാപിച്ചു. ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലും തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ആര്‍.എല്‍.ജെ.പിയുടെ രാഷ്ട്രീയഭാവിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘മഹാഗഡ്ബന്ധന്‍ സഖ്യം ഞങ്ങള്‍ക്ക് ശരിയായ സമയത്ത് ശരിയായ ബഹുമാനം നല്‍കിയാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അവരുമായുളള സഖ്യ സാധ്യതകളെക്കുറിച്ച് ചിന്തിക്കും,’ പരസ് പറഞ്ഞു. ഈ വര്‍ഷം നിരവധി തവണ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി പശുപതി കുമാര്‍ പരസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെ മാറ്റാന്‍ ബീഹാറിലെ ജനങ്ങള്‍ തീരുമാനിച്ചുവെന്നും പരസ് പറഞ്ഞു. ഇതിനകം 22 ജില്ലകളിൽ താൻ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ശേഷിക്കുന്ന 16 ജില്ലകള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ ദളിത് വിരുദ്ധനും മാനസിക രോഗിയും ആണെന്ന് പരസ് ആരോപിച്ചു. ദളിതര്‍ക്കെതിരെ ബിഹാറിൽ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നിതീഷ് കുമാറിന്റെ 20 വർഷത്തെ ഭരണത്തിൽ, സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നു. പുതിയ വ്യവസായങ്ങളൊന്നും ആരംഭിച്ചിട്ടില്ല, വ്യാപകമായ അഴിമതി എല്ലാ ക്ഷേമ പദ്ധതികളുടെയും നടത്തിപ്പിനെ ബാധിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

സഹോദരന്‍ റാം വിലാസ് പാസ്വാന്‍ സ്ഥാപിച്ച ലോക് ജനശക്തി പാര്‍ട്ടി പിളര്‍ത്തി 2021-ലാണ് പശുപതി കുമാര്‍ പരസ് ആര്‍.എല്‍.ജെ.പി രൂപീകരിച്ചത്. 2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത്. ബിഹാറിലെ സീറ്റ് വിഭജന തര്‍ക്കമാണ് പൊട്ടിത്തെറിയിലും പിന്നീട് രാജിയിലും കലാശിച്ചത്. ആര്‍.എല്‍.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. അതേസമയം, ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന ലോക് ജനശക്തി പാര്‍ട്ടിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്.

 

Content Highlight: Pashupati Paras breaks NDA ties, says party faced injustice due to Dalit identity