Loksabha Election Result 2024
മോദിക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്ത്; ബി.ജെ.പിയെ വിറപ്പിച്ച് ഇന്ത്യയുടെ കുതിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 04, 04:01 pm
Tuesday, 4th June 2024, 9:31 pm

ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിറപ്പിച്ച് ഇന്ത്യാ സഖ്യത്തിന്റെ കുതിപ്പ്. തെരഞ്ഞെടുപ്പ് ഫലം മോദിക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തെന്ന് ഇന്ത്യാ സഖ്യ നേതാക്കള്‍ പറയുന്നു. കോട്ടകള്‍ തിരിച്ചുപിടിച്ചും ബി.ജെ.പി കോട്ടകള്‍ തകര്‍ത്തും ഇന്ത്യാ സഖ്യം നേടിയത് 543ല്‍ 233 മണ്ഡലങ്ങള്‍. ഇന്ത്യാ സഖ്യം സൃഷ്ടിച്ച തരംഗത്തില്‍ മോദി അടക്കം ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുടെ കാലിടറുകയും ചെയ്തു.

ഗുജറാത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കി. ബനസ്‌കന്തയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെനിബെന്‍ താക്കൂര്‍ ബി.ജെ.പിയുടെ രേഖ ചൗധരിയെ പരാജയപ്പെടുത്തി വിജയം കൈവരിച്ചു. 30406 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ബനസ്‌കന്ത മണ്ഡലം പിടിച്ചെടുത്തത്.

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ചേര്‍ന്നുള്ള ശക്തമായ പോരാട്ടം ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കി. സമാജ് വാദി പാര്‍ട്ടി 80 സീറ്റില്‍ 25 സീറ്റില്‍ വിജയിക്കുകയും 12 സീറ്റില്‍ ലീഡ് ചെയ്യുകയുമാണ്. കോണ്‍ഗ്രസ് ആറ് സീറ്റുകള്‍ നേടുകയും ചെയ്തു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തിരിച്ചടി ഉത്തര്‍പ്രദേശിലാണ് സംഭവിച്ചിരിക്കുന്നത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുണ്ടായ പരാജയം ബി.ജെ.പിയെ വെട്ടിലാക്കി. വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് യുടെ പ്രകടനം മോദിയുടെ വിജയത്തില്‍ മങ്ങലുണ്ടാക്കി.

തമിഴ്നാട്ടില്‍ മത്സരിച്ച ഒമ്പത് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മികച്ച ലീഡില്‍ തുടരുകയാണ്. ഡി.എം.കെ 22, വിടുതലൈ ചിരുതൈഗല്‍ കച്ചി രണ്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രണ്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ ഇന്ത്യാ സഖ്യം സംസ്ഥാനത്ത് ബി.ജെ.പിയെ വെട്ടിലാക്കിയെന്നാണ് വാസ്തവം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ അടക്കം മുഴുവന്‍ എന്‍.ഡി.എ നേതാക്കളും തോല്‍വി നേരിട്ടു.

ബീഹാറില്‍ ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും വോട്ടെണ്ണലിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിട്ടതോടെ ഇന്ത്യാ സഖ്യം പൂര്‍ണമായും തകര്‍ച്ച നേരിട്ടു. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും സംയുക്തമായി നയിച്ച പ്രചരണങ്ങള്‍ ബീഹാറില്‍ ഫലം കണ്ടില്ല. 40 സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. കതിഹാര്‍, കിഷന്‍ഗഞ്ച്, സസാരം മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് നേടിയത്. ആര്‍.ജെ.ഡി നാല് സീറ്റും നേടുകയുണ്ടായി. ഔറംഗാബാദ്, ബക്സര്‍, ജഹനാബാദ്, പാട്‌ലിപുത്ര എന്നീ മണ്ഡലങ്ങളിലാണ് ആര്‍.ജെ.ഡി വിജയിച്ചത്.

പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിച്ച തൃണമൂല്‍ കോണ്‍ഗ്രസിനെ വോട്ടര്‍മാര്‍ തുണയ്ക്കുകയാണ് ഉണ്ടായത്. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം സഖ്യം മുന്നിട്ട് നിന്നിരുവെങ്കിലും പിന്നീട് മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 43 സീറ്റില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നിലവില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളത്. മാല്‍ദാഹ ദക്ഷിണിലാണ് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നത്.

കര്‍ഷക പ്രക്ഷോഭം ആളിക്കത്തിയ ഹരിയാനയില്‍ കോണ്‍ഗ്രസ് പത്തില്‍ മൂന്ന് സീറ്റ് നേടുകയും രണ്ട് സീറ്റില്‍ ലീഡ് നിലനിര്‍ത്തുകയുമാണ്. പഞ്ചാബില്‍ ഇന്ത്യാ സഖ്യത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. കോണ്‍ഗ്രസ് ഏഴ് സീറ്റിലും ആംആദ്മി പാര്‍ട്ടി മൂന്ന് സീറ്റിലും വിജയിച്ചപ്പോള്‍ ബി.ജെ.പി കളത്തിലില്ലാതെ പിന്തള്ളപ്പെട്ടു. ശിരോമണി അകാലിദളും സമാന സ്ഥിതി നേരിട്ടു. ഒരൊറ്റ സീറ്റ് മാത്രമാണ് ശിരോമണി അകാലിദളിന് നേടാന്‍ കഴിഞ്ഞത്. പഞ്ചാബിലെ ജലന്ധര്‍ മണ്ഡലത്തിലെ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ വിജയം ശ്രദ്ധേയമായി. ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലന്ധറില്‍ ചന്നി വിജയിച്ചുകയറിയത്.

അതേസമയം കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ദല്‍ഹിയിലും ഇന്ത്യാ സഖ്യം തിരിച്ചടി നേരിടുകയുണ്ടായി. കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ ഒമ്പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. ബി.ജെ.പി 17ഉം ജെ.ഡി.എസ് രണ്ടും സീറ്റുകളിലുമായി വിജയിച്ചു. ദല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ ബി.ജെ.പി മൂന്ന് സീറ്റില്‍ വിജയിക്കുകയും നാല് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയുമാണ്.

ഇടതു പാര്‍ട്ടികള്‍ക്ക് ഇന്ത്യയില്‍ ആകെ എട്ട് സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ സി.പി.ഐ.എമ്മിനും സി.പി.ഐക്കും രണ്ട് വീതം സീറ്റുകളും കേരളത്തിലും രാജസ്ഥാനിലും സി.പി.ഐ.എമ്മിന് ഓരോ സീറ്റ് വീതവും ബീഹാറില്‍ സി.പി.ഐ(എം.എല്‍)(എല്‍)ന് രണ്ട് സീറ്റുകളുമാണ് രാജ്യത്താകെ ഇടതു പാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളത്.

400 സീറ്റ് നേടുമെന്ന് അവകാശവാദം ഉന്നയിച്ച എന്‍.ഡി.എ സഖ്യത്തെ വോട്ടര്‍മാര്‍ 300 സീറ്റിലേക്ക് പോലും കടത്തിവിട്ടില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കി ഭരണത്തിലേറിയ ബി.ജെ.പി, പള്ളി പൊളിച്ച് അമ്പലം പണിത അയോധ്യ മണ്ണില്‍ കൂപ്പുകുത്തുകയുമുണ്ടായി. എന്നാല്‍ ഇന്ത്യാ സഖ്യം തങ്ങളുടെ നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ വിജയം ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Content Highlight: The rise of the India alliance by shaking the BJP in the Lok Sabha elections