IPL
ലേലത്തില്‍ കൈവിട്ടുകളഞ്ഞവരേ, വീണ്ടും നിങ്ങള്‍ക്ക് നിരാശ; സെഞ്ചൂറിയന്‍ ഗോള്‍ഡന്‍ ഡക്ക്, ഒറ്റ ഓവറില്‍ ഇരട്ടവിക്കറ്റുമായി ലോര്‍ഡ് താക്കൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
4 days ago
Thursday, 27th March 2025, 8:11 pm

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടക്കത്തിലേ ഇരട്ട പ്രഹരവുമായി ഷര്‍ദുല്‍ താക്കൂര്‍. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ തന്റെ സ്‌പെല്ലിലെ രണ്ടാം ഓവറില്‍ ഇരട്ട വിക്കറ്റുമായാണ് താക്കൂര്‍ തിളങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ റിഷബ് പന്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഷര്‍ദുല്‍ താക്കൂറാണ് സൂപ്പര്‍ ജയന്റ്‌സിനായി ആദ്യ ഓവര്‍ എറിയാനെത്തിയത്. മത്സരത്തിലെ ആദ്യ പന്ത് തന്നെ ഡോട്ടാക്കി മാറ്റി തുടങ്ങിയ താക്കൂര്‍ വെറും ആറ് റണ്‍സാണ് ആദ്യ ഓവറില്‍ വിട്ടുകൊടുത്തത്. രണ്ടാം ഓവറില്‍ ടീമിലേക്ക് മടങ്ങിയെത്തിയ ആവേശ് ഖാന്‍ ഒമ്പത് റണ്‍സ് വഴങ്ങി.

തന്റെ സ്‌പെല്ലിലെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ താക്കൂര്‍ വേട്ടയാരംഭിച്ചു. അഭിഷേക് ശര്‍മയെ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ച് താക്കൂര്‍ ഹോം ടീമിന്റെ ശിരസില്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. ആറ് പന്തില്‍ ആറ് റണ്‍സ് നേടിയാണ് സണ്‍റൈസേഴ്‌സിന്റെ വെടിക്കെട്ട് വീരന്‍ മടങ്ങിയത്.

വണ്‍ ഡൗണായി കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ ഇഷാന്‍ കിഷനാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ കിഷനെ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ കൈകളിലെത്തിച്ചും താരം മടക്കി.

താക്കൂറിന്റെ ഹാട്രിക് ബോള്‍ നേരിടാനായി നിതീഷ് കുമാര്‍ റെഡ്ഡിയാണ് ക്രീസിലെത്തിയത്. താരത്തിന്റെ അളന്നുമുറിച്ച യോര്‍ക്കര്‍ ഡെലിവെറി കൃത്യമായി ഡിഫന്‍ഡ് ചെയ്ത് റെഡ്ഡി അപകടമൊഴിവാക്കി.

സൂപ്പര്‍ ജയന്റ്‌സിന്റെ ആദ്യ മത്സരത്തിലും താക്കൂര്‍ തന്റെ മാജിക് വ്യക്തമാക്കിയിരുന്നു. തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് താരം പലര്‍ക്കമുള്ള മറുപടി നല്‍കിയത്.

ഇന്നിങ്സിലെ ആദ്യ പന്ത് നേരിട്ട ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കും രണ്ടാം പന്ത് നേരിട്ട വൈസ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും സിംഗിള്‍ നേടി രണ്ട് റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു.

മൂന്നാം പന്തില്‍ മക്ഗൂര്‍ക്കിനെ മടക്കി താക്കൂര്‍ വേട്ട ആരംഭിച്ചു. പവര്‍പ്ലേ ഓവറുകളില്‍ മികച്ച സ്ട്രൈക്ക് റേറ്റുള്ള താരത്തെ ആയുഷ് ബദോണിയുടെ കൈകളിലെത്തിച്ചാണ് താക്കൂര്‍ മടക്കിയത്. വമ്പനടിക്ക് ശ്രമിച്ച മക്ഗൂര്‍ക്കിന് പിഴയ്ക്കുകയും ബൗണ്ടറി ലൈനിന് സമീപം ബദോണിയുടെ കൈകളിലൊതുങ്ങുകയുമായിരുന്നു.

വിക്കറ്റ് കീപ്പര്‍ അഭിഷേക് പോരലാണ് ശേഷം ക്രീസിലെത്തിയത്. ഒരു മികച്ച യോര്‍ക്കര്‍ ഡെലിവെറിയിലൂടെയാണ് താക്കൂര്‍ പോരലിനെ സ്വാഗതം ചെയ്തത്. ആ പന്തില്‍ ഡിഫന്‍സീവ് ഷോട്ട് കളിച്ച് ദല്‍ഹി വിക്കറ്റ് കീപ്പര്‍ മറ്റൊരു പന്തിലേക്ക് കൂടി തന്റെ ആയുസ്സ് നീട്ടിയെടുത്തു.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ താക്കൂര്‍ പോരലിനെ മടക്കി. യുവതാരത്തെ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ച് സില്‍വര്‍ ഡക്കാക്കി മടക്കിയ താക്കൂര്‍ ഹോം ടീമിന്റെ നെറുകില്‍ രണ്ടാം പ്രഹരവുമേല്‍പ്പിച്ചു.

മത്സരത്തില്‍ രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

നേരത്തെ, ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ഒരു ടീമും ഷര്‍ദുല്‍ താക്കൂറിനെ ടീമിലെത്തിക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. 18ാം സീസണിന് മുന്നോടിയായി നടന്ന മെഗാ താരലേലത്തില്‍ താരം അണ്‍ സോള്‍ഡായിരുന്നു. ലഖ്നൗ നിരയില്‍ മൊഹ്സീന്‍ ഖാന്‍ പരിക്കേറ്റ് പുറത്തായതോടെ റീപ്ലേസ്മെന്റായാണ് താക്കൂര്‍ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായത്.

ആദ്യ മത്സരത്തില്‍ തന്റെ മാജിക് വ്യക്തമാക്കിയ ഷര്‍ദുല്‍ താക്കൂര്‍ രണ്ടാം മത്സരത്തിലും തിളങ്ങുകയാണ്.

അതേസമയം, ആദ്യ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 54ന് രണ്ട് എന്ന നിലയിലാണ് ഹോം ടീം. 18 പന്തില്‍ 35 റണ്‍സുമായി ട്രാവിസ് ഹെഡും ആറ് പന്തില്‍ പത്ത് റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്.

 

Content Highlight: IPL 2025: LSG vs SRH: Shardul Thakur picks two quick wickets against Sunrisers Hyderabad