Entertainment
അടുത്ത ധ്രുവ നച്ചത്തിരമാകുമെന്ന് വിചാരിച്ചു, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് പ്രദര്‍ശനമാരംഭിച്ച് വീര ധീര സൂരന്‍

തമിഴിലെ മികച്ച നടന്മാരിലൊരാളായ ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമാണ് വീര ധീര സൂരന്‍ പാര്‍ട്ട് 2. ചിത്താ എന്ന മികച്ച സിനിമക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്നാണ് റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ചിത്രത്തിന്റെ പ്രൊമോഷന്‍ പരപാടികളും തകൃതിയായി നടന്നിരുന്നു.

എന്നാല്‍ റിലീസ് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ചിത്രത്തിന് ദല്‍ഹി ഹൈക്കോടതി സ്‌റ്റേ വിധിച്ചത്. മുംബൈയിലെ ബി4യു എന്ന കമ്പനിയുമായി ഒ.ടി.ടി ഡീലിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കോടതി സ്‌റ്റേ പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ വാദം കേട്ട കോടതി നാലാഴ്ചത്തേക്ക് ചിത്രത്തിന്റെ റിലീസ് തടയുകയും ചെയ്തു.

ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് വൈകുന്നേരം മുതല്‍ വീര ധീര സൂരന്‍ പ്രദര്‍ശനമാരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ട്രെയ്‌ലറും ടീസറും നല്‍കിയ പ്രതീക്ഷയോട് നീതിപുലര്‍ത്താന്‍ സിനിമക്ക് സാധിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ റിലീസ് വൈകിയതിന് പിന്നാലെ വിക്രമിന്റെ ധ്രുവ നച്ചത്തിരവും പലരുടെയും ചര്‍ച്ചയിലേക്ക് കടന്നുവന്നിരുന്നു. ഗൗതം വാസുദേവ് മേനോന്‍ വിക്രമിനെ നായകനാക്കി 2016ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് ധ്രുവനച്ചത്തിരം. പല കാരണങ്ങളാല്‍ ഷൂട്ട് നീണ്ടുപോയ ചിത്രം 2022ലാണ് പൂര്‍ത്തിയായത്. എന്നാല്‍ റിലീസ് പിന്നെയും വൈകുകയായിരുന്നു.

ഒടുവില്‍ 2023 നവംബര്‍ 23ന് റിലീസ് അനൗണ്‍സ് ചെയ്യുകയും ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യ ഷോയ്ക്ക് വെറും അരമണിക്കൂര്‍ മാത്രമുള്ളപ്പോള്‍ റിലീസ് വീണ്ടും മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇന്നും പല പേജുകളുടെയും ട്രോള്‍ മെറ്റീരിയല്‍ കൂടിയാണ് ധ്രുവ നച്ചത്തിരം. ഈ വര്‍ഷം പകുതിയോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ അറിയിച്ചത്.

വിക്രമിന്റെ 64ാമത് ചിത്രമായാണ് വീര ധീര സൂരന്‍ ഒരുങ്ങുന്നത്. എസ്.ജെ. സൂര്യ വില്ലനായെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദുഷാരാ വിജയനാണ് ചിത്രത്തിലെ നായിക. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. രണ്ട് ഭാഗങ്ങളുള്ള സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Content Highlight: Veera Dheera Sooran started the first show after solved all issues