കോഴിക്കോട്: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.
കെ.പി.സി.സി പ്രസിഡന്റായി ഒരു ക്രമിനലിനെ നിയമിച്ചതാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് എം.വി. ജയരാജന്‍ പറഞ്ഞു.
ധീരജിന്റേത് ആസൂത്രിത കൊലപാതകമാണ്. വിദ്യാര്‍ഥികളല്ല കൊല നടത്തിയത് എന്നത് ആസൂത്രണത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരന്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയാണെന്നും അത് അണികള്‍ക്ക് കൊല നടത്താനുള്ള പ്രചോദനമാകുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കൊലക്കുറ്റത്തിനാണ് നിഖിലെനെതിരേ കേസെടുത്തിരിക്കുന്നത്. വധശ്രമം സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തില്‍ ഇരുവരുടേയും പങ്ക് വ്യക്തമായെന്നും ഇരുവരും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലായ എല്ലാവരും കെ.എസ്.യു പ്രവര്‍ത്തകരായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
അതേസമയം, പോസ്റ്റമോർട്ടത്തിന് ശേഷം ധീരജിന് സംസ്‌കാരം ഇന്ന് കണ്ണൂരിലെ വീട്ടില്‍ നടക്കും. സി.പി.ഐ.എം ഇടുക്കി ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായിട്ടായിരിക്കും നാട്ടിലേക്ക് കൊണ്ടുപോവുക.