കണ്ണൂര്‍: കെ റെയിലിനെതിരെ പ്രതിഷേധം നടത്തുകയെന്നത് തങ്ങളുടെ ബാധ്യതയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. എത്ര ആക്രമം കാണിച്ചാലും പ്രതിഷേധം തുടരുമെന്നും പ്രതിഷേധത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാന്‍ ഡി.വൈ.എഫ്.ഐ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും റിജില്‍ പറഞ്ഞു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ തങ്ങളെ ആക്രമിച്ചത്. മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ള ആളുകള്‍ അക്രമത്തിന് നേതൃത്വം നല്‍കുകയായിരുന്നു. പ്രതിഷേധിക്കാനും കരിങ്കൊടി കാണിക്കാനെല്ലാം ഉള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണിതെന്നും റിജില്‍ പറഞ്ഞു.
കണ്ണൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസും- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ ആക്രമിച്ചതും സംഘപരിവാര്‍ അത് ആഘോഷിക്കുന്നതും അത്ര നിഷ്‌കളങ്കമല്ലെന്ന് റിജില്‍ മാക്കുറ്റി ഡുള്‍ന്യൂസിനോട് പറഞ്ഞിരുന്നു. പിണറായി വിജയന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘സി.പി.ഐ.എമ്മുകാര്‍ എന്നെ ആക്രമിച്ചപ്പോള്‍ സംഘപരിവാര്‍ അത് ആഘോഷിക്കുന്നുണ്ടെങ്കില്‍ അവര്‍ തമ്മില്‍ നല്ല ബന്ധമുണ്ട്.ഞാന്‍ സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണ്. കേരളത്തില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്ന പുതിയ ഒരു സഖ്യമുണ്ട്.
പിണറായി വിജയന്റെ സര്‍ക്കാരും സംഘപരിവാറും നല്ല അഡ്ജസ്റ്റ്മെന്റിലാണ് പോകുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്ന് പല വിഷയത്തിലും തെളിഞ്ഞിട്ടുണ്ട്,’ എന്നാണ് റിജില്‍ പറഞ്ഞിരുന്നു.
ലസിത പാലക്കല്‍ അടക്കമുള്ള ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ റിജില്‍ മാക്കുറ്റിക്ക് നേരയുണ്ടായ അക്രമത്തില്‍ സന്തോഷം പ്രകടപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റിജിലിന്റെ പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടന്നത്.