കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റി. ഹരജി ജനുവരിന് നാലിന് പരിഗണിക്കും.
പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തില്‍ ഇന്നത്തെ വിസ്താരം നിര്‍ത്തിവെക്കുകയായിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ആണ് ഇന്ന് കോടതിയില്‍ ഹാജരായത്.
ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നടിയുടെ ദൃശ്യങ്ങള്‍ ദീലീപിന്റെ ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മികച്ച സാങ്കേതിക വിദ്യയുള്ള സ്റ്റുഡിയോയില്‍ ഇരുന്ന് ഇത് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ആ ദൃശ്യത്തിലുള്ള കാര്യങ്ങള്‍ കൃത്യമായി എങ്ങനെ വിശദീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്.
ദൃശ്യങ്ങള്‍ കാണണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയിലാണ് പ്രോസിക്യൂഷന്‍ രേഖാമൂലം മറുപടി നല്‍കിയത്.
കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. അഡ്വക്കേറ്റ് വി.എന്‍. അനില്‍ കുമാറാണ് രാജിവെച്ചത്. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്.
അതേസമയം, കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും അതില്‍ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തില്‍തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യത്തില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്. ഇതോടൊപ്പം കേസില്‍ അന്തിമ കുറ്റപത്രം നല്‍കുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്ന അപേക്ഷയും നല്‍കിയിരുന്നു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ദിലീപ് രംഗത്ത് എത്തിയിരുന്നു.
ആരെന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നതെന്നും അതിനപ്പുറം ഒന്നും പറയാനാവില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.