ആലുവ: എറണാകുളം ആലുവയില്‍ തട്ടികൊണ്ടുപോയ ആറുവയസുകാരിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി മൊഴി നല്‍കി പ്രതി. സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയതെന്നാണ് കസ്റ്റഡിയിലുള്ള ബീഹാര്‍ സ്വദേശി അസ്ഫാക് ആലം മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതി പണം കൈപറ്റുകയും ചെയ്തിട്ടുണ്ട്.
സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്കാണ് സുഹൃത്ത് പെണ്‍കുട്ടിയെ കൈമാറിയിരിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. തുടര്‍ന്ന് സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആലുവയിലെ പാലത്തിനടിയില്‍ വെച്ചാണ് സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയതെന്ന് സുഹൃത്തും മൊഴി നല്‍കിയിട്ടുണ്ട്.
കുട്ടിയെ തട്ടികൊണ്ടുപോയ അസ്ഫാകിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടന്നുവരികയാണ്. സക്കീര്‍ ഹുസൈനെ കണ്ടെത്താനും ഇയാള്‍ എവിടെക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയതെന്നും അറിയാനുള്ള ശ്രമമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്.
ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് വെള്ളിഴാഴ്ച കാണാതായത്. വൈകിട്ട് മൂന്നരയോടെയായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. തായിക്കാട്ടുകര യു.പി സ്‌കൂളുലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു കാണാതായ പെണ്‍കുട്ടി . തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയെ ബീഹാര്‍ സ്വദേശിയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയെകൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.