Film News
2023 ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നിലാരൊക്കെ? രജിനിയെ പിന്നിലാക്കി വിജയ്; ആദ്യപത്തില്‍ മലയാളം, കന്നഡ താരങ്ങളില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 13, 01:11 pm
Wednesday, 13th December 2023, 6:41 pm

2023ല്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടിക പുറത്ത്. മലയാളം, കന്നഡ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ആദ്യപത്തില്‍ ഇടംപിടിച്ചിരിക്കുന്നത് തമിഴ്, തെലുങ്ക് താരങ്ങളാണ്.

വിജയ് ആണ് 2023ല്‍ ഏറ്റവുമധികം തവണ സെര്‍ച്ച് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ താരം. ഒടുവില്‍ പുറത്ത് വന്ന വിജയ് ചിത്രം ലിയോ വമ്പന്‍ വിജയമായിരുന്നു. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. വിജയ്ക്ക് പിന്നാലെ രജിനികാന്താണ് രണ്ടാമതായി പട്ടികയില്‍ ഇടംപിടിച്ചത്. നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രം ജയിലറിന്റെ വിജയം രജിനി പട്ടികയില്‍ രണ്ടാമതെത്താന്‍ കാരണമായിട്ടുണ്ട്.

അല്ലു അര്‍ജുനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പ്രഭാസ്, ധനുഷ് എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തിയത്. മഹേഷ് ബാബുവാണ് ആറാമതായി ഏറ്റവുമധികം തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ താരം. ഏഴാം സ്ഥാനത്ത് സൂര്യയും എട്ടാം സ്ഥാനത്ത് രാം ചരണുമാണ് ഇടംനേടിയത്. ഒമ്പതാമത് ചിരംഞ്ജീവി എത്തിയപ്പോള്‍ പത്താം സ്ഥാനമാണ് അജിത്തിന് ലഭിച്ചത്.

അടുത്തിടെ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്ത് വിട്ട ജനപ്രീതിയില്‍ മുമ്പില്‍ നില്‍ക്കുന്ന പത്ത് തമിഴ് പുരുഷ താരങ്ങളുടെ പട്ടികയിലും വിജയ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഒക്ടോബര്‍ മാസത്തെ ജനപ്രീതി സംബന്ധിച്ച ലിസ്റ്റ് ആണ് പുറത്തെത്തിയത്. ഓര്‍മാക്‌സിന്റെ തന്നെ സെപ്റ്റംബര്‍ മാസത്തെ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു വിജയ്. രണ്ടാം സ്ഥാനത്ത് അജിത്ത് കുമാറും മൂന്നാമത് സൂര്യയുമാണ് വന്നത്. നാലാം സ്ഥാനത്തായിരുന്നു രജിനികാന്ത്.

കമല്‍ ഹാസന്‍, ധനുഷ്, ശിവകാര്‍ത്തികേയന്‍, വിക്രം, വിജയ് സേതുപതി, കാര്‍ത്തി എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് താരങ്ങള്‍.

Content Highlight: The list of most searched South Indian stars in 2023 is out