Kerala News
യൂട്യൂബ് വ്‌ളോഗറായി എക്‌സൈസ് എത്തി; വാറ്റുമായി അഭിമുഖത്തിനെത്തിയ 'കിടിലം പോള്‍' കുടുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 09, 02:38 am
Tuesday, 9th March 2021, 8:08 am

ഈരാറ്റുപേട്ട: ചാരായവുമായി യൂട്യൂബ് വ്‌ളോഗര്‍ക്ക് മുന്നില്‍ അഭിമുഖം നല്‍കാനെത്തിയ ചാരായ വാറ്റുകാരന്‍ മേച്ചാല്‍ തൊട്ടിയില്‍ കിടിലം പോള്‍ (പോള്‍ ജോര്‍ജ്) കുടുങ്ങി. എക്‌സൈസ് ഷാഡോ സംഘമാണ് യുട്യൂബര്‍ ആയി എത്തിയതെന്ന് അറിയാതെയാണ് തെങ്ങിന്‍ പൂക്കുല ഇട്ട് വാറ്റിയ ചാരായവുമായി കിടിലം പോള്‍ എത്തിയത്.

വ്‌ളോഗറുടെ വേഷത്തില്‍ റിസോട്ടില്‍ മുറിയെടുത്ത് ചാരായവില്‍പ്പനക്കാരനെ തന്ത്രപൂര്‍വ്വം പിടിക്കുകയായിരുന്നു എക്‌സൈസ് ഷാഡോ സംഘം. ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി. പിള്ളയുടെ നേതൃത്വത്തില്‍ ആണ് പോള്‍ ജോര്‍ജിനെ പിടികൂടിയത്.

ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോംസ്റ്റേകളിലെയും റിസോര്‍ട്ടുകളിലെയും വിനോദസഞ്ചാരികള്‍ക്ക് സ്ഥിരമായി ചാരായം എത്തിക്കുന്ന ആളാണ് ജോര്‍ജ്. നിരവധി ചാരായ കേസുകളിലും ഇയാള്‍ പ്രതിയാണ്.

ഷാഡോ എക്‌സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂര്‍, കെ.വി വിശാഖ്, നൗഫല്‍ കരിം എന്നിവര്‍ വിനോദസഞ്ചാരികളായി ഇല്ലിക്കല്‍ക്കല്ലിലെ സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ജോര്‍ജിന്റെ തെങ്ങിന്‍ പൂക്കുല ഇട്ട് വാറ്റുന്ന ചാരായം ഷൂട്ട് ചെയ്യാനാണെന്ന് പറഞ്ഞാണ് അന്വേഷണ സംഘം ജോര്‍ജിനെ പറ്റിച്ചത്.

അഭിമുഖത്തിനായി താല്‍പര്യമുണ്ടെന്നും ചാരായവുമായി എത്തുമോയെന്നും ജോര്‍ജിനോട് ചോദിക്കുകയായിരുന്നു. പോളിന്റെ വീട്ടില്‍ നിന്ന് 16 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The liquer maker who came to give an interview to youtube vlogger was caught