ചരക്ക് കപ്പലുകള്‍ ഐഡന്റിറ്റിയില്‍ മാറ്റം വരുത്തരുത്; ഗസയിലേക്ക് കപ്പലുകള്‍ കടന്നുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കി ഹൂത്തികള്‍
World News
ചരക്ക് കപ്പലുകള്‍ ഐഡന്റിറ്റിയില്‍ മാറ്റം വരുത്തരുത്; ഗസയിലേക്ക് കപ്പലുകള്‍ കടന്നുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കി ഹൂത്തികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th December 2023, 6:51 pm

സന: ഗസയില്‍ ഇസ്രഈല്‍ അധിനിവേശം തുടരുന്നതിനിടയില്‍ ഫലസ്തീനിലേക്ക് വാണിജ്യ കപ്പലുകള്‍ കടന്നുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കി യെമനിലെ ഹൂത്തി വിമതര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഹൂത്തി വിപ്ലവ സമിതിയുടെ തലവന്‍ മുഹമ്മദ് അലി അല്‍ ഹൂത്തി പങ്കുവെച്ച പോസ്റ്റിലൂടെയാണ് സന്ദേശം അറിയിച്ചിരിക്കുന്നത്.

യെമനിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യ കപ്പലുകളും തങ്ങളുടെ വേവ് റേഡിയോകള്‍ എല്ലായ്പ്പോഴും പ്രവര്‍ത്തനക്ഷമമാണോയെന്ന് നിരീക്ഷിക്കണമെന്നും ഹൂത്തികളുടെ സന്ദേശങ്ങളോട് അതിവേഗത്തില്‍ പ്രതികരിക്കണമെന്നും മുഹമ്മദ് അലി പോസ്റ്റില്‍ പറഞ്ഞു. കൂടാതെ കപ്പലുകളുടെ ഐഡന്റിറ്റി രേഖകള്‍ വ്യാജമാക്കുന്ന രീതിയിലുള്ള നടപടികള്‍ സ്വീകരിക്കരുതെന്നും ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാണിജ്യ കപ്പലിന്റെ ഉടമ യാഥാര്‍ത്ഥ്യത്തില്‍ ഏത് രാജ്യക്കാരനാണോ, ആ രാജ്യത്തിന്റെ പതാകകള്‍ തന്നെയാവണം കപ്പലുകളില്‍ വേണ്ടതെന്നും അല്ലാത്തപക്ഷം തങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളില്‍ മാറ്റം ഉണ്ടാവുമെന്നും ഹൂത്തികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗസയിലെ ഇസ്രഈലി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നോര്‍വീജിയന്‍ വാണിജ്യ ടാങ്കറിനെ ആക്രമിച്ചതായി ഹൂത്തികള്‍ അറിയിച്ചു. കപ്പല്‍ ജീവനക്കാര്‍ താക്കീതുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് സ്ട്രിന്റ എന്ന ടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹിയ സരീസ പ്രസ്താവനയില്‍ പറഞ്ഞു.

ഗസയിലേക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഇസ്രഈലി തുറമുഖത്തിലേക്കു പോകുന്ന കപ്പലുകളെ തടയുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

യുണൈറ്റഡ് നേഷന്‍സ് സാറ്റലൈറ്റ് സെന്റര്‍ (യുനോസാറ്റ്) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഗസയിലെ കെട്ടിടങ്ങളില്‍ 18 ശതമാനത്തിനും ഇസ്രഈല്‍ ആക്രമണങ്ങളില്‍ നാശം സംഭവിച്ചിട്ടുണ്ട്. ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണത്തിലും കരയാക്രമണത്തിലുമായി ഗസയിലെ ജനസംഖ്യയുടെ 85 ശതമാനത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlight: The Houthis have warned cargo ships not to pass to Gaza