സ്ത്രീ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചാല്‍ കേസില്ല; പുരുഷന്‍ ചെയ്താല്‍ കേസും: നിയമത്തില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി
Kerala News
സ്ത്രീ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചാല്‍ കേസില്ല; പുരുഷന്‍ ചെയ്താല്‍ കേസും: നിയമത്തില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd June 2022, 11:34 am

 

കൊച്ചി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി.

‘വിവാഹ വാഗ്ദാനം നല്‍കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവര്‍ക്കതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന്‍ സമാനമായ കുറ്റം ചെയ്താല്‍ അയാളുടെ പേരില്‍ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്,’ഹൈക്കോടതി ചോദിച്ചു.

വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്‍കിയ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമര്‍ശം നടത്തിയത്‌. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചു.

തുടര്‍ന്ന് ഒരു സ്ത്രീ, വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനത്തില്‍ പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗത്തിന് ശിക്ഷിക്കാനാവില്ല.

എന്നാല്‍ ഒരു പുരുഷന്‍, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കുകയും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ബലാത്സംഗത്തിനുള്ള കേസ് നടപടികളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

നിയമം ലിംഗ സമത്വമുള്ളതായിരിക്കണമെന്നും ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടു.

ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകള്‍ ലിംഗവിവേചനമുള്ളതാണെന്ന് ഈ വര്‍ഷമാദ്യം മറ്റൊരു വിധിന്യാത്തിലും ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.

Content Highlights: The High Court has ruled that there is no gender equality in Section 376 of the Indian Penal Code