ആദ്യദിന കളക്ഷനില്‍ 'ഗ്രേറ്റസ്റ്റ്' ആവാനാകാതെ ബീസ്റ്റിനും താഴെ ഗോട്ട്
Film News
ആദ്യദിന കളക്ഷനില്‍ 'ഗ്രേറ്റസ്റ്റ്' ആവാനാകാതെ ബീസ്റ്റിനും താഴെ ഗോട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th September 2024, 9:02 am

ഏറെ പ്രതീക്ഷകളോടെ റിലീസിനെത്തിയ വിജയ് ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രമെന്ന നിലയിലും വെങ്കട് പ്രഭുവുമായി വിജയ് ഒന്നിക്കുന്ന ആദ്യചിത്രമെന്ന നിലയിലും ഗോട്ടിന്റെ അനൗണ്‍സ്‌മെന്റ് ആരാധകരില്‍ ആവേശമുണ്ടാക്കി. എന്നാല്‍ പിന്നീട് വന്ന അപ്‌ഡേറ്റുകള്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല.

യുവന്‍ ശങ്കര്‍ രാജയുടെ പാട്ടുകളും പ്രതീക്ഷ കാക്കാതെ പോയി. എന്നിരുന്നാലും ഒരു വിജയ് ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ റിലീസാണ് ഗോട്ടിന് ലഭിച്ചത്. തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യുന്ന ആദ്യ സിനിമയായി ഗോട്ട് മാറി. എന്നാല്‍ ആദ്യ ഷോ അവസാനിച്ചപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

വേള്‍ഡ്‌വൈഡായി 76.9 കോടിയാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് 23 കോടിയാണ് ചിത്രം നേടിയത്. പുലര്‍ച്ചെയുള്ള ഷോ കോടതി ഇടപെട്ട് തടഞ്ഞത് ആദ്യദിന കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ആദ്യ ഷോ തുടങ്ങിയത് രാവിലെ ഒമ്പത് മണിക്കായിരുന്നു. കേരളത്തില്‍ നിന്ന് 5.9 കോടിയും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് കോടിയും കര്‍ണാടകയില്‍ നിന്ന് എട്ട് കോടിയും ഓവര്‍സീസില്‍ നിന്ന് 34 കോടിയുമാണ് ഗോട്ട് നേടിയത്.

വിജയ്‌യുടെ മുന്‍ ചിത്രം ലിയോ നേടിയതിന്റെ പകുതി മാത്രമേ ഗോട്ടിന് നേടാന്‍ സാധിച്ചുള്ളൂ. 150 കോടിയോളമാണ് ലോകേഷ്- വിജയ് കോമ്പോയില്‍ ഒരുങ്ങിയ ലിയോ നേടിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ കൂടിയാണ് ലിയോയുടെ പേരിലുള്ളത്. സമീപകാലത്ത് ഏറെ വിമര്‍ശനം കേട്ട വിജയ് ചിത്രമായ ബീസ്റ്റ് നേടിയ കളക്ഷന്‍ പോലും ഗോട്ടിന് നേടാന്‍ സാധിച്ചില്ല. 85 കോടിയാണ് ബീസ്റ്റ് നേടിയത്.

400 കോടി മുതല്‍മുടക്കില്‍ വന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന് ബോക്‌സ് ഓഫീസില്‍ സേഫാകാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. രജിനികാന്ത് നായകനായ 2.0യും ജയിലറുമാണ് ഏറ്റവും വലിയ കളക്ഷന്‍ നേടിയ തമിഴ് സിനിമകള്‍. 2.0 750 കോടിയും ജയിലര്‍ 670 കോടിയുമാണ് നേടിയത്. ഈ രണ്ട് സിനിമകളെയും തകര്‍ത്ത് ടൈറ്റിലിനോട് ഗോട്ട് സത്യസന്ധത പുലര്‍ത്തുമോ എന്ന് കണ്ടറിയണം.

Content Highlight: The Greatest Of All Time first day collection out now