കൊച്ചി: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസാണ് മുരളിയായി എത്തുന്നത്.
നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രെമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ടൊവിനോ തോമസിന്റെയും ബേസിലിന്റെയും അഭിമുഖത്തിന്റെ വീഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്.
സിനിമകള്‍ ചെയ്യുന്നതില്‍ ഉപരി ചലഞ്ചിങ്ങായ സിനിമകള്‍ ചെയ്യുന്നതിലാണ് തനിക്ക് ആവേശമെന്ന് ബേസില്‍ ജോസഫ് പറഞ്ഞു. ‘ഒരു സിനിമ തന്നെ ചെയ്തുകൊണ്ടിരിക്കുന്നതില്‍ വലിയ ആവേശമൊന്നുമില്ല. നമുക്ക് ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്ന സിനിമകള്‍ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റ്. അപ്പോള്‍ മാത്രമെ സിനിമയുടെ ചലഞ്ചുകള്‍ വളരെ രസകരമാവുകയുള്ളു’ എന്നും ബേസില്‍ ജോസഫ് പറഞ്ഞു.
ഡിസംബര്‍ 24 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്.
സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, സുഷില്‍ ശ്യാം.