World News
ഇന്ത്യയോട് തീരുവ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 26, 02:22 am
Wednesday, 26th February 2025, 7:52 am

ബ്രസല്‍സ്: യു.എസിന് പുറമെ ഇന്ത്യയോട് തീരുവ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനും. കാറുകളുടെയും വിസ്‌കിയുടെയും തീരുവ കുറയ്ക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്ര വ്യാപാര കരാറില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇ.യു ആവശ്യം ഉന്നയിച്ചത്.

തന്ത്രപരമായ പങ്കാളിത്തം വളര്‍ത്തിയെടുക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കായി ഉര്‍സുല ഇന്ത്യയിലെത്തുന്ന സാഹചര്യത്തിലാണ് പരാമര്‍ശം.

ഇന്ത്യ വികസന വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് വളര്‍ന്നുവരുന്ന ഒരു സമ്പദ് വ്യവസ്ഥയാണെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്നും ഇ.യു പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാര്‍ ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒരു സമയം നേരത്തെ ഉണ്ടായിട്ടില്ലെന്നും ഇ.യു ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രാദേശിക വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. 2023ല്‍ 124 ബില്യണ്‍ മൂല്യം വരുന്ന ചരക്ക് വ്യാപാരമാണ് യൂണിയനുമായി ഇന്ത്യ നടത്തിയത്. അതായത്, മൊത്തം വ്യാപാരത്തിന്റെ 12.2 ശതമാനം. യു.എസില്‍ ഇത് 10.3 ശതമാനവും ചൈനയില്‍ 10.5 ശതമാനവുമാണ്.

അതേസമയം വിദേശ കാറുകള്‍ക്ക് ഇന്ത്യ ഏകദേശം 70-100 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ചുമത്തുന്നത്. വൈനുകള്‍ക്കും സ്പിരിറ്റുകള്‍ക്കുമുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ 150 ശതമാനമാണ്. ഇക്കാര്യത്തില്‍ നിലപാട് മാറ്റണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യക്കെതിരായ വ്യാപാര നിലപാടും ചൈനക്കെതിരായ നടപടിയും യൂറോപ്യന്‍ യൂണിയന്‍ മേധാവിയും മോദിയുമായുള്ള ചര്‍ച്ചയില്‍ നിര്‍ണായക വിഷയങ്ങളാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ 500 മില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യു.എസും തമ്മില്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 130 മില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. പക്ഷെ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും നിലവില്‍ തീരുമാനത്തിലുള്ള തീരുവകള്‍ ബാധകമായിരിക്കുമെന്നാണ് ട്രംപിന്റെ നിലപാട്.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് മേലുള്ള തീരുവ വര്‍ധിപ്പിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. യു.എസിന്റെ ഏറ്റവും അടുത്ത വ്യാപാര കക്ഷികളായ കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കും തീരുമാനം ബാധകമായിരിക്കും.

കല്‍ക്കരി, എല്‍.എന്‍.ജി എന്നിവയ്ക്ക് 15%, അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉത്പന്നങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് 10% എന്നിങ്ങനെ നികുതി ഈടാക്കാനാണ് യു.എസ് ശ്രമിക്കുന്നത്. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ ഈടാക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക്യു.എസ് 10 % അധിക തീരുവ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെ യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്കും ദ്രവീകൃത പ്രകൃതിവാതകത്തിനും 15 ശതമാനവും അസംസ്‌കൃത എണ്ണയ്ക്ക് 10 ശതമാനവും ചൈന തീരുവ ഏര്‍പ്പെടുത്തിയിരുന്നു.

Content Highlight: The European Union has also asked India to reduce tariffs