അഡ്വഞ്ചര്‍ റിസോര്‍ട്ടില്‍ വെച്ച് രണ്ട് മക്കളേയും നഷ്ടമായി; മാതാപിതാക്കള്‍ക്ക് രണ്ട് കോടി നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്
Kerala
അഡ്വഞ്ചര്‍ റിസോര്‍ട്ടില്‍ വെച്ച് രണ്ട് മക്കളേയും നഷ്ടമായി; മാതാപിതാക്കള്‍ക്ക് രണ്ട് കോടി നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th December 2023, 2:03 pm

കൊച്ചി: അഡ്വഞ്ചര്‍ റിസോര്‍ട്ടിലെ സുരക്ഷാ വീഴ്ച മൂലം രണ്ട് മക്കളും മരിച്ച ദമ്പതികള്‍ക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. സുരക്ഷ ഒരുക്കുന്നതിനും പരിചയസമ്പന്നരായ ഗൈഡുമാരെ നിയമിക്കുന്നതിലും റിസോര്‍ട്ട് മാനേജ്‌മെന്റിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരുമുള്‍പ്പെട്ട ബെഞ്ച് നഷ്ടപരിഹാരം വിധിച്ചത്.

കേസില്‍ നഷ്ടപരിഹാരത്തിന് പുറമേ 20000 രൂപ കോടതി ചെലവും 30 ദിവസത്തിനകം നല്‍കാന്‍ കോടതി ഉത്തരവിട്ടു. റിസോര്‍ട്ടില്‍ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സി.സി.ടി.വികള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതും പരിഗണിച്ചാണ് കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. 2019ല്‍ ഉപഭോക്തൃ നിയമം വന്നതിന് ശേഷം ഉപഭോക്തൃതര്‍ക്ക പരിഹാര കേസുകളില്‍ അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിത്.

2020 ഒക്ടോബറിലാണ് പൂനെയിലെ അഡ്വഞ്ചര്‍ റിസോര്‍ട്ടില്‍ വെച്ച് ആമ്പല്ലൂര്‍ സ്വദേശികളായ പി.വി. പ്രകാശന്‍, വനജ പ്രകാശന്‍ എന്നിവരുടെ രണ്ട് ആണ്‍മക്കളായ നിധിന്‍ പ്രകാശ് (24), മിഥുന്‍ പ്രകാശ് (30) എന്നിവര്‍ മുങ്ങി മരിച്ചത്.

ചെറുപ്രായത്തില്‍ ദാരുണമായ ദുരന്തത്തിലൂടെ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മുറിവുണക്കാന്‍ എത്ര തുക നഷ്ടപരിഹാരമായി അനുവദിച്ചാലും കഴിയില്ലെന്നും എങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്ക് കനത്ത പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നും കോടതി പറഞ്ഞു.

മരിച്ച കുട്ടികള്‍ക്ക് നീന്തല്‍ അറിയല്ല, സമാന ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടെയുള്ള ദുരന്തനിവാരണ പാഠങ്ങള്‍ സ്‌കൂള്‍ പഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു.

Content Highlight: The Ernakulam District Consumer Court ordered adventure resort in pune to pay Rs 1.99 crore as compensation