നവീന്‍ ബാബു, ജസ്ന...., കേസുകള്‍ എത്രയും വേഗം തെളിയിക്കണം; ഐക്യദാര്‍ഢ്യവുമായി ആനന്ദ് ശ്രീബാല
Kerala News
നവീന്‍ ബാബു, ജസ്ന...., കേസുകള്‍ എത്രയും വേഗം തെളിയിക്കണം; ഐക്യദാര്‍ഢ്യവുമായി ആനന്ദ് ശ്രീബാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2024, 10:47 pm

കൊച്ചി: എ.ഡി.ജി.പി നവീന്‍ ബാബു ഉള്‍പ്പെടെയുള്ളവരുടെ മരണത്തില്‍ നീതി ഉറപ്പാക്കാന്‍ ആനന്ദ് ശ്രീബാല സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. നവീന്‍ ബാബുവിന് പുറമെ ജസ്ന, മിഷേല്‍ ഷാജി എന്നിവരുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഈ കേസുകള്‍ എത്രയും വേഗം സത്യസന്ധമായി തെളിയിക്കണമെന്നാണ് ആനന്ദ് ശ്രീബാല ടീമംഗങ്ങള്‍ ആവശ്യപ്പെടുന്നത്. കേരളത്തില്‍ ദുരൂഹമായി മരണപെട്ടവരുടെയും കാണാതായവരുടെയും കേസുകള്‍ പലതും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

കേസുകളില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് നവംബര്‍ 13ന് വൈകീട്ട് ഏഴ് മണിക്ക് സിനിമയുടെ ടീമംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

ഈ പരിപാടിയിലേക്ക് പൊതുജനങ്ങളെയും സംഘാടകര്‍ ക്ഷണിക്കുന്നുണ്ട്. മെഴുകുതിരി കത്തിച്ച് മരണപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുമെന്നും സംഘാടകര്‍ പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നു.

യാത്രയയപ്പ് ചടങ്ങിനിടെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ നവീന്‍ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. എ.ഡി.എം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി. ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു.

രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ പി.പി ദിവ്യക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ ജസ്നയെ കാണാതായത്. സി.ബി.ഐ ഉള്‍പ്പെടെ അന്വേഷണം നടത്തിയിട്ടും ജസ്നയെ ഇതുവരെ കണ്ടെത്താനോ മറ്റു തെളുവുകള്‍ ശേഖരിക്കാനോ കഴിഞ്ഞിട്ടില്ല.

ഒരു ബന്ധുവിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ പെണ്‍കുട്ടി എത്തിയെന്നതിന് സാക്ഷി മൊഴികളുണ്ട്. എന്നാല്‍ ഇതിനുശേഷം ജസ്‌നയെ ആരും കണ്ടിട്ടില്ല.

പിറവം സ്വദേശിനിയായ മിഷേല്‍ ഷാജി കൊച്ചിയില്‍ സി.എ വിദ്യാര്‍ത്ഥിനിയായിരുന്നു. കാണാതായ ദിവസം വൈകുന്നേരം മിഷേല്‍ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാര്യങ്ങള്‍ എന്താണെന്ന് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

Content Highlight: The crew of Anand Sreebala movie to ensure justice in the death of ADGP Naveen Babu and others