രാജ്യസഭയില്‍ ചര്‍ച്ച നടത്താതെ ബില്ല് പാസാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.
ബില്ല് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ലംഘനമാണെന്നാണ് സി.പി.ഐ.എമ്മും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നത്.
ലോക്‌സഭയില്‍ ചര്‍ച്ച നടത്താതെയാണ് ആധാറുമായി ബന്ധിപ്പിക്കുന്ന ബില്ല് സര്‍ക്കാര്‍ പാസാക്കിയെടുത്തത്. 12 പ്രതിപക്ഷ എം.പിമാര്‍ സസ്‌പെന്‍ഷനിലായത് രാജ്യസഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള കേന്ദ്ര സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാക്കും.
കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഒരുപാട് കാലമായി ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സഭ ബില്ലിന് അംഗീകാരം നല്‍കിയത്.
ബില്‍ പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടുന്നതിനെകുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ബില്ലിനുമേല്‍ കൂടുതല്‍ ചര്‍ച്ചക്കോ ഭേദഗതി നിര്‍ദേശിക്കാനോ അവസരം നല്‍കാതെയാണ് ബില്‍ പാസാക്കിയത്.
നിയമമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.
വോട്ടര്‍പ്പട്ടികയില്‍ ഇതിനോടകം പേരുചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്പര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അനുമതി നല്‍കുന്നുണ്ട്.
താമസിക്കുന്നതിന്റെ മാത്രം തെളിവാണ് ആധാറെന്നും അതു പൗരത്വത്തിന്റെ തെളിവല്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. വോട്ടര്‍മാരോട് ആധാര്‍ ചോദിക്കുമ്പോള്‍ പാര്‍പ്പിടത്തിന്റെ രേഖ മാത്രമാണു കിട്ടുന്നതെന്നാണ് ശശി തരൂര്‍ എം.പി പറഞ്ഞിരുന്നത്.
ഒന്നിലധികം നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍പ്പട്ടികയില്‍ പേരു വരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണം. അതേസമയം ആധാര്‍ നമ്പര്‍ നല്‍കിയില്ല എന്ന കാരണത്താല്‍ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെയും ഒഴിവാക്കരുതെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
കള്ള വോട്ട് കണ്ടെത്താനും വ്യാജ ഐ.ഡി കാര്‍ഡ് ഉപയോഗിച്ചുള്ള വോട്ടിംഗ് കണ്ടെത്താനും ഇരട്ടവോട്ട് കണ്ടെത്താനും എളുപ്പത്തില്‍ സാധിക്കും. ആധാര്‍ നമ്പറില്ലാത്തവരെ മറ്റ് രേഖകളുമായി ബന്ധിപ്പിക്കും. ഒരു വര്‍ഷം നാല് തവണ ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും.
ഇതുവരെ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്. ജനുവരി ഒന്നിന് 18 വയസായവര്‍ക്കാണ് നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. എന്നാല്‍ ജനുവരി 1, ഏപ്രില്‍ 1 ജൂലൈ 1, ഒക്ടോബര്‍ 1 എന്നിങ്ങനെ കട്ട് ഓഫ് തീയതികള്‍ നല്‍കാനാണ് പുതിയ വ്യവസ്ഥ.