പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; അന്വേഷണം പൂര്‍ത്തിയാക്കാന്‍ 13 ദിവസത്തെ സമയം, കാലാവധി നീട്ടുന്നത് മൂന്നാം തവണ
Indian Parliment
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; അന്വേഷണം പൂര്‍ത്തിയാക്കാന്‍ 13 ദിവസത്തെ സമയം, കാലാവധി നീട്ടുന്നത് മൂന്നാം തവണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2024, 10:17 pm

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ ലംഘന കേസില്‍ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സമയം നീട്ടിനല്‍കി കോടതി. 13 ദിവസത്തെ സമയം കൂടിയാണ് പട്യാല ഹൗസ് കോടതി ദല്‍ഹി പൊലീസിന് നല്‍കിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് കേസ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കോടതി സമയം നീട്ടി നല്‍കുന്നത്.

സമയം നീട്ടി നല്‍കണമെന്ന ദല്‍ഹി പൊലീസിന്റെ ആവശ്യം മുന്‍നിര്‍ത്തിയാണ് കോടതിയുടെ നിര്‍ദേശം. മൂന്ന് മാസത്തെ സമയമാണ് ദല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ചില റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി ഡിജിറ്റല്‍ ഡാറ്റകള്‍ ഉണ്ടെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. പിന്നാലെയാണ് കോടതി 13 ദിവസത്തെ സമയം കൂടി നല്‍കിയത്.

ജഡ്ജി ഹര്‍ദീപ് കൗര്‍ ആണ് കാലാവധി നീട്ടിനല്‍കിയത്. മാര്‍ച്ച് 11ന് ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസവും ഏപ്രില്‍ 25ന് 30 ദിവസവും കോടതി അനുവദിച്ചിരുന്നു.

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ട് പേര്‍ താഴെ എം.പിമാര്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. പിന്നാലെ ഇവര്‍ കളര്‍ സ്മോക്ക് പൊട്ടിക്കുകയും ചെയ്തിരുന്നു.

ഭാരത് മാതാ കീ ജയ്, വന്ദേ ഭാരതം, ജയ് ഭീം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതികളുടെ പ്രതിഷേധം.

തങ്ങളുടെ പ്രതിഷേധം രാജ്യത്തെ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സാധാരണക്കാരുടെ ശബ്ദം അടിച്ചമര്‍ത്തല്‍ എന്നിവ പരിഹരിക്കുന്നതിനും, അവ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തുറന്നുകാണിക്കാന്‍ വേണ്ടി ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നാണ് പ്രതികളിലൊരാള്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

നിലവില്‍ പാര്‍ലമെന്റിലെ അക്രമണ സംഭവത്തില്‍ നീലം ആസാദ്, മനോരഞ്ജന്‍ ഡി, സാഗര്‍ ശര്‍മ, ലളിത് ഝാ, അമോല്‍ ഷിന്‍ഡെ, മഹേഷ് കുമാവത് എന്നീ ആറ് പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

Content Highlight: The court extended the time to complete the investigation in the Parliament security breach case