പരാജയത്തില്‍ നിന്ന് പാഠം പഠിച്ചു; പ്രകാശ് അംബേദ്ക്കറുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് ശ്രമം
Maharashtra
പരാജയത്തില്‍ നിന്ന് പാഠം പഠിച്ചു; പ്രകാശ് അംബേദ്ക്കറുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2019, 10:28 pm

മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്ക്കര്‍ നേതൃത്വം നല്‍കുന്ന വഞ്ചിത് ബഹുജന്‍ അഘാഡിയുമായി സഖ്യത്തിലെത്താന്‍ ശ്രമം ആരംഭിച്ച് കോണ്‍ഗ്രസ്. അസാസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയോടെയായിരുന്നു വി.ബി.എ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 48 സീറ്റില്‍ മത്സരിച്ച വി.ബി.എക്ക് ഒരു സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും മികച്ച വോട്ട് ശതമാനം നേടാന്‍ കഴിഞ്ഞിരുന്നു. 9ഓളം സീറ്റുകളില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ വിജയസാധ്യതയെ തടഞ്ഞത് വി.ബി.എ ആയിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം വി.ബി.എ ബി.ജെ.പിയുടെ ബി ടീം ആണെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ് വി.ബി.എയുമായി സഖ്യത്തിലെത്താനുള്ള ശ്രമമാരംഭിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു യോഗത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് ചവാന്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ യോഗത്തില്‍ എന്‍.സി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. സഖ്യം കൊണ്ട് എന്‍.സി.പിയ്ക്ക് മാത്രമേ ഗുണമുള്ളൂവെന്നും കോണ്‍ഗ്രസിന് നഷ്ടമാണെന്നുമായിരുന്നു പ്രവര്‍ത്തകരുടെ പ്രതികരണം.

യോഗത്തിന് ശേഷം പുറത്തിറങ്ങിയ അശോക് ചവാന്‍ നിരവധി പ്രവര്‍ത്തകര്‍ വി.ബി.എയുമായി സഖ്യം വേണമെന്ന് ആവശ്യപ്പെടുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വി.ബി.എ 41 ലക്ഷം വോട്ടുകളാണ് നേടിയത്, മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത 14 ശതമാനം വോട്ടാണിത്.

വഞ്ചിത് ബഹുജന്‍ അഘാഡി മത്സരിച്ച ഓരോ മണ്ഡലങ്ങളിലെയും വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ പരാജയ കാരണം വ്യക്തമാകും. 13 മണ്ഡലങ്ങളില്‍ പാര്‍ട്ടിയ്ക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 29 സീറ്റുകളില്‍ 50,000 വും കടന്നിട്ടുണ്ട്.

വിദര്‍ഭ, പശ്ചിമ മഹാരാഷ്ട്ര, വടക്കന്‍ മഹാരാഷ്ട്ര, മറാത്ത്വാഡ തുടങ്ങിയ മേഖലകളിലെ സീറ്റുകളിലാണ് വഞ്ചിത് ബഹുജന്‍ അഘാഡി വന്‍ വോട്ടുകള്‍ നേടിയത്.

2014ല്‍ ആദ്യ മോദി തരംഗമുണ്ടായപ്പോള്‍ പോലും പിടിച്ചു നിന്ന സീറ്റുകളിലൊന്നായ നന്ദേഡില്‍ ഇത്തവണ എന്‍.ഡി.എയാണ് ജയിച്ചത്. ഇവിടെ രണ്ടാം തവണ മത്സരത്തിനിറങ്ങിയ അശോക് ചവാന്‍ 40,148 വോട്ടുകള്‍ക്കാണ് തോറ്റത്. ഇവിടെ വഞ്ചിത് ബഹുജന്‍ അഘാഡിയ്ക്ക് കിട്ടിയത് 1,66,196 വോട്ടുകളാണ്.

പ്രകാശ് അംബേദ്ക്കര്‍ മത്സരിച്ച സോളാപൂരില്‍ സുഷീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് 3,66,377 വോട്ടുകള്‍ കിട്ടിയപ്പോള്‍ പ്രകാശ് അംബേദ്ക്കര്‍ക്ക് കിട്ടിയത് 1,70,007 വോട്ടുകളാണ്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയത് 5,24,985 വോട്ടുകളാണ്. സഖ്യമുണ്ടായിരുന്നെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയേക്കാള്‍ 11,399 വോട്ടുകള്‍ പ്രകാശ് അംബേദ്ക്കര്‍ക്ക് ലഭിക്കുമായിരുന്നു.

ഗഡ്ചിറോളി, ബുല്‍ധാന, പര്‍ഭനി, സാംഗ്ലി, ഹത്കനാന്‍ഗ്ലെ തുടങ്ങിയ സീറ്റുകളിലും ഇതുപോലെ വോട്ടുകള്‍ ഭിന്നിച്ചതാണ് കോണ്‍ഗ്രസ് സഖ്യം പരാജയപ്പെടാന്‍ കാരണം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വഞ്ചിത് ബഹുജന്‍ അഘാഡി പാര്‍ട്ടി അധികം സീറ്റുകള്‍ ചോദിച്ചു എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം പ്രകാശ് അംബ്ദേക്കറുടെ പാര്‍ട്ടിയെ മാറ്റി നിര്‍ത്തിയത്.