റൊണാള്‍ഡോക്ക് പരിക്ക് പറ്റിയത് ചൈനയിലെ സംഘാടകര്‍ പുറത്തുവിട്ടില്ല; റിപ്പോര്‍ട്ട്
Football
റൊണാള്‍ഡോക്ക് പരിക്ക് പറ്റിയത് ചൈനയിലെ സംഘാടകര്‍ പുറത്തുവിട്ടില്ല; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th January 2024, 8:35 am

ചൈനയിലെ ക്ലബ്ബുകളുമായുള്ള സൗഹൃദ മത്സരങ്ങള്‍ക്കായി അല്‍ നസര്‍ ഒരുങ്ങിയിരുന്നു. ഈ സമയത്താണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരിക്കുപറ്റിയത് ഇതിനു പിന്നാലെ മത്സരം ഫെബ്രുവരി അവസാനത്തേക്ക് പുനര്‍ ക്രമീകരിക്കുകയായിരുന്നു.

ഇപ്പോഴിതാ ചൈനയിലെ ഫുട്‌ബോള്‍ സംഘാടകരില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് അല്‍ നസര്‍ നായകന്‍. ചൈനയിലെ ന്യൂസ് വീക്കിലിയായ ഷൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് റൊണാള്‍ഡോയുടെ പരിക്കിനെ കുറിച്ച് ചൈനയിലെ ഫുട്‌ബോള്‍ സംഘാടകര്‍ അറിഞ്ഞിട്ടും ഈ പരിശീലന മത്സരങ്ങള്‍ നടക്കുമെന്ന് സംഘാടകര്‍ പ്രചരിപ്പിച്ചിരുന്നുവെന്നാണ്.

ചൈനയില്‍ അല്‍ നസര്‍ ടീം എത്തിയതോടെ റൊണാള്‍ഡോ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങളിലും കളിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ പരിക്കിനെ തുടര്‍ന്ന് ജനുവരി 23ന് ഷാങ്ഹായ് ഷെന്‍ഹുവയ്ക്കെതിരെ നടക്കുന്ന മത്സരം മാറ്റിവെക്കുകയായിരുന്നു. ഈ സംഭവത്തിനെതിരെ റൊണാള്‍ഡോ തന്റെ അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

ടിക്കറ്റ് വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള സംഘാടകര്‍ ഈ സാഹചര്യം ഉപയോഗിച്ചുവെന്ന് ജി.എച്ച്.വൈ കള്‍ച്ചര്‍ ആന്‍ഡ് മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു.

‘അല്‍ നസറിന്റെ ചൈനീസ് പര്യടനം കഴിഞ്ഞവര്‍ഷം തന്നെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ റൊണാള്‍ഡോയെ മുന്‍നിര്‍ത്തി കൊണ്ടുള്ള പ്രമോഷന്‍ ധാരാളമായി നടന്നിരുന്നു. എന്നാല്‍ മത്സരത്തിനു മുമ്പായി റൊണാള്‍ഡോ പരിക്കു കാരണം കളിക്കില്ലെന്ന വാര്‍ത്ത പുറത്തുപോയാല്‍ ആരാണ് ടിക്കറ്റ് വാങ്ങുക,’ ജി.എച്ച്.വൈ പ്രവര്‍ത്തകന്‍ പറഞ്ഞു.

അതേസമയം റൊണാള്‍ഡോ ഈ സീസണില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളും നേടി മിന്നും ഫോമിലാണ് റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ 19 റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 15 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.

Content Highlight: The china football committee didn’t reveal Cristaino Ronaldo injury.